Tuesday, June 5, 2012

ഫോണ്‍ റിംഗ് ചെയ്താല്‍ വൈബ്രേറ്റ് ചെയ്യുന്ന ടാറ്റൂ


ഫോണ്‍ എവിടെയോ കിടന്ന് തുരുതുരാ അടിക്കുന്നുണ്ട്. എന്തിലോ ശ്രദ്ധിച്ചിരിക്കുന്ന നമ്മളതെങ്ങനെ കേള്‍ക്കാന്‍. ഒടുക്കം സ്ഥലകാലബോധം വരുമ്പോള്‍ കാണാം, ചില സുപ്രധാന നമ്പറുകളില്‍ നിന്ന് മിസ്ഡ് കോള്‍. പിന്നെ മിനക്കേടായി, തിരിച്ചുവിളിക്കണ്ടേ അവരെയെല്ലാം? ഇതൊരു സാധാരണ സംഭവമാണിപ്പോള്‍. എന്തായാലും അധികകാലം ഇത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാവില്ല, വാക്ക് തരുന്നത് നോക്കിയയാണ്.
നോക്കിയ ഒരു കാന്തിക ടാറ്റൂ നിര്‍മ്മിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണില്‍ നടക്കുന്ന കാര്യങ്ങളെല്ലാം ഈ ടാറ്റൂ അറിയും. കോളുകള്‍, മെസേജ് എന്നിവ വരുമ്പോള്‍ ശരീരത്തില്‍ ഒട്ടിക്കിടക്കുന്ന ടാറ്റൂ വൈബ്രേറ്റ് ചെയ്യും. അങ്ങനെ ഫോണ്‍ റിംഗ് ചെയ്യുന്ന കാര്യം നമുക്ക് എളുപ്പം അറിയാനുമാകും.
ഫോണിന്റെ ബാറ്ററി തീരുമ്പോഴുള്ള നോട്ടിഫിക്കേഷനും ഇതിലൂടെ മനസ്സിലാക്കാം. ഫോണില്‍ നിന്നും വരുന്ന സിഗ്നല്‍ തരംഗങ്ങളെ ഈ കാന്തിക ടാറ്റൂ പിടിച്ചെടുക്കുമ്പോഴാണ് വൈബ്രേഷന്‍ വരുന്നത്. എന്ത് തരം വെബ്രൈഷനാണ് ടാറ്റൂ ഉണ്ടാക്കേണ്ടതെന്ന് നമുക്ക് തീരുമാനിക്കാം.
അതായത് മെസേജ് വരുമ്പോള്‍ ദൈര്‍ഘ്യം കുറഞ്ഞ വൈബ്രേഷന്‍, കോള്‍ വരുമ്പോള്‍ അല്പം കൂടി നീണ്ടുനില്‍ക്കുന്ന വെബ്രേഷന്‍, ഇനി ഫോണിന്റെ ബാറ്ററി തീരാറായാല്‍ അതറിയിക്കാന്‍ നേരിയൊരു വൈബ്രേഷന്‍ എന്നിങ്ങനെ എന്തും നമുക്ക് തെരഞ്ഞെടുക്കാം.
സാധാരണ ടാറ്റൂ ശരീരത്തില്‍ പതിപ്പിക്കുന്നത് പോലെ തന്നെയാണ് ഈ കാന്തിക ടാറ്റൂവും ശരീരത്തില്‍ പതിപ്പിക്കുന്നത്. നിങ്ങള്‍ക്കിഷ്ടമുള്ള ചിത്രം ടാറ്റൂവാക്കാനും നോക്കിയ അവസരം നല്‍കുന്നുണ്ട്. ഇത്തരം കാന്തിക ടാറ്റൂകള്‍ ശരീരത്തിന് ഹാനികരമാണെന്ന് വിശ്വസിക്കുന്നവര്‍ക്ക് വേണ്ടി മറ്റൊരു വഴിയും കണ്ടെത്തിയിട്ടുണ്ട്.
എല്ലാകാലവും ഈ ടാറ്റൂ ശരീരത്തില്‍ കൊണ്ടുനടക്കാന്‍ ഇഷ്ടമില്ലാത്തവര്‍ക്കും നോക്കിയ അവതരിപ്പിക്കുന്ന താത്കാലിക മാര്‍ഗ്ഗം ഉപയോഗിക്കാം. സ്‌പ്രേ ടാറ്റൂ, പേപ്പറില്‍ പതിപ്പിച്ച കാന്തിക ടാറ്റൂ, അല്ലെങ്കില്‍ കൈകളിലോ മറ്റോ കെട്ടിവെക്കാവുന്ന തരത്തില്‍ ഒരു ബാന്‍ഡില്‍ പതിപ്പിച്ച കാന്തിക ടാറ്റൂ എന്നീ ഓപ്ഷനുകള്‍ ഉണ്ട്. ഇവ ഉപയോഗിക്കുമ്പോഴുള്ള ഗുണം ടാറ്റൂ ആവശ്യമില്ലാത്തപ്പോള്‍ അത് നീക്കം ചെയ്യാം എന്നതാണ്.
കാന്തിക ടാറ്റു പേറ്റന്റ് അപേക്ഷ നോക്കിയ യുഎസ് പേറ്റന്റ് & ട്രേഡ് മാര്‍ക്ക് ഓഫീസില്‍ സമര്‍പ്പിച്ചു കഴിഞ്ഞു, ഇതിന് അംഗീകാരം കിട്ടുന്ന പക്ഷം പുതിയ മൊബൈല്‍ ഉത്പന്നങ്ങളില്‍ കമ്പനിയുടെ എക്‌സ്‌ക്ലൂസീവ് ടാറ്റൂ സംവിധാനവും പരിചയപ്പെടുത്തിയേക്കും. എന്നാല്‍ ഇതുപയോഗിച്ച് എന്താണ് പദ്ധതിയെന്ന്  നോക്കിയ വ്യക്തമാക്കിയിട്ടില്ല.

ഒരു കമ്പ്യൂട്ടറില്‍ നിന്നും മറ്റൊരു കമ്പ്യൂട്ടര്‍ ആക്‌സസ് ചെയ്യാന്‍


ഒരു കമ്പ്യൂട്ടറില്‍ നിന്നും മറ്റൊരു കമ്പ്യൂട്ടര്‍ എങ്ങനെ ആക്‌സസ് ചെയ്യാമെന്ന് അറിയുന്നത് ജോലിക്കിടയില്‍ ഒന്നിലേറെ കമ്പ്യൂട്ടറുകള്‍ ഉപയോഗിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യമാണ്. കൂടാതെ ഇതിന് പിന്നിലെ ഗുണവും സുരക്ഷാ പ്രശ്‌നങ്ങളും മനസ്സിലാക്കുകയും വേണം.
ഓഫീസില്‍ ജോലി ചെയ്യുന്നതിനിടെ വീട്ടിലെ സിസറ്റത്തില്‍ സൂക്ഷിച്ചുവെച്ച ഒരു ഡാറ്റ ആവശ്യമായി വന്നാല്‍ അത് ആക്‌സസ് ചെയ്യാന്‍ ഈ സൂത്രത്തിലൂടെ സാധിക്കും. സോഫ്റ്റ് വെയര്‍ ഡൗണ്‍ലോഡ് ചെയ്തും അല്ലെങ്കില്‍ ചില വെബ്‌സൈറ്റുകള്‍ വഴിയും വിദൂര ആക്‌സസിംഗ് സാധ്യമാണ്. അതിനാല്‍ സിസ്റ്റത്തിന് ഏറ്റവും ഇണങ്ങുന്ന മാര്‍ഗ്ഗം തെരഞ്ഞെടുക്കേണ്ടത് ഉപയോക്താവാണ്.
ഏറെ സുരക്ഷാ പ്രശ്‌നങ്ങളുള്ള രീതിയാണ് വിദൂര ആക്‌സസിംഗ്. അതിനാല്‍ ആദ്യം വിദൂര ആക്‌സസിംഗ് എങ്ങനെ സാധ്യമാക്കാം എന്നും പിന്നീട് അതിന്റെ മോശം വശത്തെക്കുറിച്ചും മനസ്സിലാക്കാം.
ആദ്യം വിദൂര ആക്‌സസിംഗിന് അനുവാദം നല്‍കണം
  • മൈ കമ്പ്യൂട്ടറില്‍ റൈറ്റ് ക്ലിക് ചെയ്ത് പ്രോപര്‍ട്ടീസ് എടുക്കുക

  • അതില്‍ റിമോട്ട് സെറ്റിംഗ് എന്ന ടാബ് കാണാം, അത് ക്ലിക് ചെയ്യുക

  • കമ്പ്യൂട്ടര്‍ വിദൂരത്തിലിരുന്ന് കണക്റ്റ് ചെയ്യാന്‍ അനുവദിക്കുക എന്ന് എഴുതിയതിന് നേരെയുള്ള ബോക്‌സില്‍ ടിക് ചെയ്യുക.

  • പിന്നീട് അപ്ലൈ, ഒ.കെ ബട്ടണുകള്‍ ക്ലിക് ചെയ്യുക
റിമോട്ട് ആക്‌സസ് വാഗ്ദാനം ചെയ്യുന്ന വെബ്‌സൈറ്റുകള്‍
സോഫ്റ്റ് വെയറുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് സുരക്ഷിതമല്ലെന്ന് തോന്നുവര്‍ക്കായി വിദൂര ആക്‌സസിംഗിന് അനുവദിക്കുന്ന ചില വെബ്‌സൈറ്റുകളെ പരിചയപ്പെടുത്താം. ഇതില്‍ ചില വെബ്‌സൈറ്റുകള്‍ പ്ലഗ് ഇന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടും. പ്ലഗ് ഇന്നുകള്‍ താരതമ്യേന ചെറിയ പ്രോഗ്രാം ആണ്. സോഫ്റ്റ്‌വെയര്‍ പോലെ കൂടുതല്‍ സ്‌റ്റോറേജ് സ്‌പേസ് ഇതിന് ആവശ്യമില്ല.
  • ഗോറ്റുമൈപിസി: മാകിന്റോഷ്, വിന്‍ഡോസ് കമ്പ്യൂട്ടറുകളിള്‍ പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റാണിത്. ഗോറ്റുമൈപിസി ആപ്ലിക്കേഷനും ഇപ്പോള്‍ ലഭ്യമാണ്.

  • ലോഗ്മിഇന്‍: വിദൂര ആക്‌സസിംഗ് അനുവദിക്കുന്ന ധാരാളം സേവനങ്ങള്‍ ഈ വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. ലോഗ്മിഇന്‍ ബാക്ക്അപ്, ലോഗ്മിഇന്‍ സെന്‍ട്രല്‍ എന്നിവയാണ് ഇതില്‍ ചിലത്. ലോഗ്മിഇന്‍ ബാക്ക്അപ് ഫയലുകള്‍ മറ്റൊരു സ്റ്റോറേജ് ഉത്പന്ന(കമ്പ്യൂട്ടര്‍)ത്തിലേക്ക് സേവ് ചെയ്യാന്‍ അനുവദിക്കുന്ന സേവനമാണ്. വിവിധ കമ്പ്യൂട്ടറുകളെ ഒരേ സമയം ഇന്റര്‍നെറ്റിലൂടെ കൈകാര്യം ചെയ്യാനാണ് ലോഗ്മിഇന്‍ സെന്‍ട്രല്‍ സേവനം ഉപയോഗിക്കേണ്ടത്.

  • വെബ്എക്‌സ് പിസിനൗ: വെബ്എക്‌സ് വെബ്‌സൈറ്റുപയോഗിച്ച് മറ്റ് കമ്പ്യൂട്ടറുകളിലെ ഫയലും ഇമെയിലും ആക്‌സസ് ചെയ്യാം. മറ്റ് സിസ്റ്റങ്ങളിലെ വെബ്ക്യാമിനെ സെക്യൂരിറ്റി ക്യാമറകളായി ഉപയോഗിക്കാനും ഇതിലൂടെ കഴിയും.
സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡുകള്‍
ഇന്റര്‍നെറ്റ് വെബ്‌സൈറ്റുകളേക്കാള്‍ വേഗത്തില്‍ ഫയല്‍ ട്രാന്‍സ്ഫറിംഗിന് സാധിക്കും എന്നതാണ് സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിലെ മേന്മ.
ലാപ്‌ലിങ്ക്, റിയല്‍വിഎന്‍സി, വിന്‍ഡോസ് റിമോട്ട് ഡെസ്‌ക്ടോപ് എന്നിവയാണ് ഡൗണ്‍ലോഡ് ചെയ്യാന്‍ അനുഗുണമായ ചില സോഫ്റ്റ്‌വെയറുകള്‍.
ശ്രദ്ധിക്കുക: വിദൂര ആക്‌സസിംഗിന് വിധേയമാകുന്ന സിസ്റ്റം ഓണ്‍ ചെയ്ത് വെക്കുമ്പോഴേ ആക്‌സസ് ചെയ്യാനാകുകയുള്ളൂ.
ഫയര്‍വോള്‍ വിദൂര ആക്‌സസിംഗിന് അനുവദിക്കുന്ന സോഫ്റ്റ്‌വെയറിനെ ചിലപ്പോള്‍ ബ്ലോക് ചെയ്‌തേക്കും. അതിനാല്‍ അത് ബ്ലോക് ചെയ്യുന്നുണ്ടോ എന്ന് നിരീക്ഷിക്കണം. ഈ സോഫ്റ്റ്‌വെയര്‍ ആദ്യമായി ഉപയോഗിക്കുമ്പോള്‍ ഫയര്‍വോള്‍ അതിനെ ബ്ലോക്ക് ചെയ്യണോ എന്ന് ചോദിക്കുന്ന പോപ് അപ് വിന്‍ഡോ പ്രത്യക്ഷപ്പെടും. അപ്പോള്‍ അതില്‍ അണ്‍ബ്ലോക്ക് നല്‍കിയാല്‍ മതി.
സുരക്ഷാപ്രശ്‌നം
സിസ്റ്റം എളുപ്പത്തില്‍ ഹാക്ക് ചെയ്യപ്പെടാന്‍ റിമോട്ട് ആക്‌സസിംഗ് ഓപ്ഷന്‍ കാരണമാകും. അതിനാല്‍ കഴിയുന്നതും റിമോട്ട് സെറ്റിംഗ് ബോക്‌സ് ഡിസേബിള്‍ ചെയ്തുവെക്കുന്നതാണ് നല്ലത്. അത്യാവശ്യം വരുമ്പോള്‍ അത് എനേബിള്‍ ചെയ്യാമല്ലോ.
റിമോട്ട് ആക്‌സസിംഗ് ആവശ്യമില്ലാത്തവര്‍ കമ്പ്യൂട്ടറിലെ പ്രോപര്‍ട്ടീസിലെ റിമോട്ട് സെറ്റിംഗ്‌സില്‍ പോയി റിമോട്ട് ആക്‌സസിംഗ് അനുവദിക്കുക എന്ന ഡയലോഗിന് നേരെയുള്ള ബോക്‌സ് ടിക് ചെയ്തിട്ടുണ്ടോ എന്ന് നോക്കുക. ഉണ്ടെങ്കില്‍ അതുടന്‍ തന്നെ ഡിസേബിള്‍ ചെയ്ത് താഴെയുള്ള ഒ.കെ ബട്ടണില്‍ ക്ലിക് ചെയ്യുക. അല്ലെങ്കില്‍ നിങ്ങള്‍ ഹാക്കറിന്റെ കൈകളില്‍ ഏത് നിമിഷവും അകപ്പെടാം.