Monday, June 11, 2012

എങ്ങനെ ലാപ്‌ടോപ് ബാറ്ററിയുടെ ആയുസ്സ് കൂട്ടാം


എങ്ങനെ ലാപ്‌ടോപ് ബാറ്ററിയുടെ ആയുസ്സ് കൂട്ടാം?

ഡെസ്‌ക്ടോപ് കമ്പ്യൂട്ടറിനേക്കാളും ഇപ്പോള്‍ മിക്കവരുടേയും കയ്യിലുണ്ടാകുക ലാപ്‌ടോപ് ആണ്. ലാപ്‌ടോപ് നിത്യേന ഉപയോഗിക്കുന്നവരും ആഴ്ചയിലൊരിക്കലും മറ്റും ഉപയോഗിക്കുന്നവരും നമ്മുടെ കൂട്ടത്തില്‍ കാണും. ഡെസ്‌ക്ടോപിനേക്കാളും വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട കമ്പ്യൂട്ടിംഗ് ഉപകരണമാണ് ലാപ്‌ടോപ്. പൊടികളും മറ്റും കയറാതെ വൃത്തിയായി സൂക്ഷിക്കുക എന്നതിലുപരി ഇതിലെ ഘടകങ്ങളുടെ പരിചരണം കൂടിയുണ്ടായാലേ ലാപ്‌ടോപിന് അയുസ്സ് കൂടുകയുള്ളൂ.
ലാപ്‌ടോപിലെ ഒരു സുപ്രധാന ഘടകമാണ് അതിലെ ബാറ്ററി. പലപ്പോഴും ലാപ്‌ടോപ് വാങ്ങി അധികം കഴിയും മുമ്പേ ബാറ്ററി കേടുവരുന്ന സ്ഥിതി ഉണ്ടാകാറുണ്ട്. അതിന്റെ ഉപയോഗത്തില്‍ നമ്മള്‍ ശ്രദ്ധക്കുറവ് കാണിക്കുന്നു എന്നതാണ് ഇതിന് പ്രധാന കാരണം. ബാറ്ററിയുടെ ആയുസ്സ് കൂട്ടാന്‍ സഹായിക്കുന്ന ചില ലളിതമാര്‍ഗ്ഗങ്ങള്‍ ഇതാ:
  • നെറ്റ്‌വര്‍ക്കോ, ഇന്റര്‍നെറ്റോ ഉപയോഗിക്കാത്ത സമയങ്ങളില്‍ ലാപ്‌ടോപില്‍ വയര്‍ലസ് കാര്‍ഡുകളോ കണക്റ്ററുകളോ ആവശ്യമില്ല. അവ സ്വിച്ച് ഓഫ് ചെയ്യുക.

  • ശബ്ദം ആവശ്യമില്ലാത്ത സമയത്ത് വോള്യം ലെവല്‍ മ്യൂട്ട് ഓപ്ഷനില്‍ ഇടുക

  • ഡിസ്‌പ്ലെയുടെ ബ്രൈറ്റ്‌നസ് എപ്പോഴും കുറച്ച് വെച്ച് ഉപയോഗിക്കുക. ഇത് കണ്ണിനും നല്ലതാണ്.

  • ബ്ലൂടൂത്ത് ഓപ്ഷന്‍ ഡിസേബിള്‍ ചെയ്യുക.

  • മള്‍ട്ടി ടാസ്‌കിംഗ് കഴിവതും പിന്തുടരരുത്. പിസിയുടെ ആയാസം കൂടുന്നതാണ് ബാറ്ററി വേഗം തീരുന്നതിന് കാരണം. ഒരു ജോലിക്കിടയില്‍ ആവശ്യമില്ലാത്ത മറ്റ് വിന്‍ഡോകളും ആപ്ലിക്കേഷനുകളും തുറന്നിടുന്നത് മൂലം സിസ്റ്റത്തിന് കൂടുതല്‍ ആയാസത്തോടെ പ്രവര്‍ത്തിക്കേണ്ട അവസ്ഥ ഉണ്ടാകുന്നു. ധാരാളം മെമ്മറിയുള്ള ലാപ്‌ടോപ് ആണെങ്കില്‍ ഒന്നിലേറെ ആപ്ലിക്കേഷനുകള്‍ തുറന്നുവെക്കുന്നത് വലിയ പ്രശ്‌നം സൃഷ്ടിക്കില്ല.

  • ഹാര്‍ഡ് ഡ്രൈവ് മെമ്മറിയേക്കാള്‍ വെര്‍ച്വല്‍ മെമ്മറി പരമാവധി ഉപയോഗപ്പെടുത്തുക

  • റാം അഥവാ റാന്റം ആക്‌സസ് മെമ്മറി അധികം ഉപയോഗിക്കാത്ത ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പരമാവധി ശ്രമിക്കണം. ഒരു കത്ത് ടൈപ്പ് ചെയ്യുകയാണ് ആവശ്യമെങ്കില്‍ പ്രോസസിംഗ് ഏറെയുള്ളതും റാം ഏറെ ഉപയോഗിക്കുന്നതുമായ മൈക്രോസോഫ്റ്റ് വേര്‍ഡിന് പകരം ഒരു സാധാരണ ടെക്സ്റ്റ് എഡിറ്റിംഗ് ആപ്ലിക്കേഷന്‍ ഉപയോഗിക്കുക.

  • ഗെയിമുകള്‍, സിനിമകള്‍ എന്നിവ സ്ഥിരമായി കാണുന്നതും ലാപ്‌ടോപ് ബാറ്ററിയ്ക്ക് നല്ലതല്ല. കാരണം ഗ്രാഫിക്‌സ് ഏറെ ഉപയോഗിക്കുന്നവയാണിവ.

  • അമിത താപം അപകടം. അധികം ചൂടുള്ള പ്രദേശങ്ങളില്‍ വെച്ച് ചാര്‍ജ്ജിംഗ് ചെയ്യരുത്. കഴിയുന്നതും മുറികള്‍ക്കുള്ളില്‍ വെച്ച് ചാര്‍ജ്ജിംഗ് നടത്തുക.

  • ബാറ്ററി മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ സിസ്റ്റത്തിലെ പവര്‍ മാനേജ്‌മെന്റ് സെറ്റിംഗ്‌സ് സഹായിക്കും. എനര്‍ജി സേവര്‍ എന്നും ഇതിനെ വിളിക്കാറുണ്ട്.

  • കുറച്ച് നേരത്തേക്ക് സിസ്റ്റം ഉപയോഗിക്കാന്‍ പദ്ധതിയില്ലെങ്കില്‍ ഷട്ട്ഡൗണ്‍, ഹൈബര്‍നേറ്റ് എന്നിവയേതെങ്കിലും തെരഞ്ഞെടുക്കുക. സ്റ്റാന്‍ഡ്‌ബൈ ഓപ്ഷനിലും ബാറ്ററി ചാര്‍ജ്ജ് കുറഞ്ഞുവരാറുണ്ട്.

  • ബാറ്ററി ഇടയ്ക്കിടെ വൃത്തിയാക്കുക. പൊടികളും അഴുക്കുകളും കളയുക.

  • സിഡി, ഡിവിഡി എന്നിവയുടെ ഉപയോഗം കുറക്കുക. ഓപ്റ്റിക്കല്‍ ഡ്രൈവുകള്‍ ധാരാളം ബാറ്ററി ഊര്‍ജ്ജം ഉപയോഗിക്കും.

  • എംഎസ് വേര്‍ഡ്, എക്‌സല്‍ എന്നിവയുടെ ഓട്ടോസേവ് സൗകര്യം ടേണ്‍ ഓഫ് ചെയ്തിടുക. ഇടയ്ക്കിടെ സേവ് ചെയ്യുന്നത് ഹാര്‍ഡ് ഡ്രൈവിന്റെ ജോലിഭാരം ഉയര്‍ത്തും.

  • പോര്‍ട്ടുകള്‍ ടേണ്‍ ഓഫ് ചെയ്തിടുക. യുഎസ്ബി, എതര്‍നെറ്റ്, വിജിഎ, വയര്‍ലസ് പോര്‍ട്ടുകള്‍ ആവശ്യമില്ലാത്തപ്പോള്‍ ഡിസേബിള്‍ ചെയ്തു വെക്കുക. ഡിവൈസ് മാനേജര്‍ ഉപയോഗിച്ച് ഇത് ചെയ്യാവുന്നതാണ്.

  • ഊര്‍ജ്ജ സംരക്ഷണ ഹാര്‍ഡ്‌വെയര്‍ പ്രൊഫൈലുകള്‍ തയ്യാറാക്കുക. ഏതെല്ലാം സാഹചര്യങ്ങളിലാണ് നിങ്ങള്‍ ലാപ്‌ടോപ് ഉപയോഗിക്കാറുള്ളതെങ്കില്‍ അതിനനുസരിച്ച്, ഔട്ട്‌ഡോര്‍, കോഫിഷോപ്പ്, ഓഫീസ് എന്നിങ്ങനെ പ്രൊഫൈലുകള്‍ തയ്യാറാക്കാം. സ്റ്റാര്‍ട്ട് ബട്ടണില്‍ നിന്ന് കണ്‍ട്രോള്‍ പാനല്‍ തെരഞ്ഞെടുത്ത് അതില്‍ പെര്‍ഫോമന്‍സ് ആന്റ് മെയിനന്റനന്‍സ് ക്ലിക് ചെയ്ത് സിസ്റ്റം ഓപ്ഷന്‍ ക്ലിക് ചെയ്തുള്ള രീതിയിലാണ് വിന്‍ഡോസ് എക്‌സ്പിയില്‍ ഹാര്‍ഡ്‌വെയര്‍ പ്രൊഫൈല്‍ തയ്യാറാക്കുക. വിന്‍ഡോസ് എക്‌സിപിയില്‍ മാത്രമേ മൈക്രോസോഫ്റ്റ് ഈ സൗകര്യം നല്‍കുന്നുള്ളൂ.

  • ലാപ്‌ടോപ് എളുപ്പം ചൂടാകുന്ന പ്രതലത്തില്‍ വെക്കാതിരിക്കുക. തലയണ, പുതപ്പ് തുടങ്ങിയ മൃദുലമായ വസ്തുക്കള്‍ ചൂട് ഉയര്‍ത്തും.

  • ഒഎല്‍ഇഡി ഡിസ്‌പ്ലെകള്‍ ഉള്ള ലാപ്‌ടോപുകള്‍ വെള്ള നിറമുള്ള ചിത്രങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം നഷ്ടപ്പെടുത്തുന്നതാണ്. കറുപ്പ് ചിത്രങ്ങള്‍ക്ക് കുറഞ്ഞ ഊര്‍ജ്ജമേ ആവശ്യമുള്ളൂ.

  • ഉപയോഗിക്കാത്ത നേരത്തും ഇന്റര്‍നെറ്റ് ബ്രൗസര്‍ ഓപണ്‍ ചെയ്ത് വെക്കരുത്. കാരണം ബാക്ക്ഗ്രൗണ്ടില്‍ ഓരോ സെക്കന്റിലും ഇത് അപ്‌ഡേറ്റ് ആകുന്നുണ്ട്.

  • പെന്‍ഡ്രൈവ്, ഡിവിഡി പോലുള്ള എക്‌സ്‌റ്റേണല്‍ ഡിവൈസുകള്‍ ഉപയോഗിക്കാത്ത സമയത്ത് ഇജക്റ്റ് ചെയ്‌തെടുക്കുക.

സോണി സ്മാര്‍ട്‌വാച്ച്


സോണി സ്മാര്‍ട്‌വാച്ച് ഈ മാസം

സോണിയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ ആക്‌സസറിയായ സ്മാര്‍ട്‌വാച്ച് ഈ മാസം അവസാനത്തോടെ ഇന്ത്യന്‍ വിപണിയിലേക്ക്. 6,299 രൂപയാണ് ഈ ആക്‌സസറിയുടെ വില. സോണി ഇന്ത്യയുടെ ഫെയ്‌സ്ബുക്ക് പേജും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇനി ഈ വാച്ചിന്റെ പ്രത്യേകതകള്‍ എന്തെല്ലാമെന്ന് പറയാം.
കാഴ്ചയില്‍ ഒഎല്‍ഇഡി കളര്‍ ഡിസ്‌പ്ലെയില്‍ എത്തുന്ന ട്രന്‍ഡി വാച്ച് മാത്രമാണിത്. എന്നാല്‍ ഈ വാച്ചിനെ നിങ്ങള്‍ക്ക് സ്വന്തം ആന്‍ഡ്രോയിഡ്  സ്മാര്‍ട്‌ഫോണുമായി കണക്റ്റ് ചെയ്യിപ്പിക്കാം. അങ്ങനെ യാത്രക്കിടയില്‍ മെസേജുകള്‍ വന്നാല്‍ ഫോണ്‍ എടുത്തു നോക്കാതെ തന്നെ എസ്എംഎസ്, ഇമെയില്‍, കലണ്ടര്‍ റിമൈന്‍ഡര്‍ എന്നിവയെല്ലാം പരിശോധിക്കാം. അതിനൊപ്പം ഇന്നത്തെ പ്രധാന ആവശ്യമായ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൗകര്യവും ഈ വാച്ചിലുള്‍പ്പെടുത്തിയിട്ടുണ്ട്. അതായത് ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ എന്നിവയിലെ അപ്‌ഡേറ്റുകള്‍ ഈ വാച്ച് വഴി കാണാം.
ഇനി കോളുകള്‍ വരികയാണെങ്കില്‍ അവ അറ്റന്‍ഡ് ചെയ്യാനും കട്ട് ചെയ്യാനും സ്മാര്‍ട് വാച്ച് മതി. അറ്റന്‍ഡ് ചെയ്യുകയാണെങ്കില്‍ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് വഴി സംസാരിച്ച് തുടങ്ങുകയുമാവാം. ഇത് സോണിയുടെ ഫോണിനെ മാത്രമേ പിന്തുണക്കൂ എന്നില്ല. മിക്ക ആന്‍ഡ്രോയിഡ് ഫോണുകളിലും ഫോണ്‍ പ്രവര്‍ത്തിക്കുമത്രെ. ബ്ലൂടൂത്ത് 3.0 ഓപ്ഷനിലൂടെയാണ് ഫോണും വാച്ചും ബന്ധപ്പെടുന്നത്.
ഫാഷനിണങ്ങുന്ന തരത്തില്‍ പല നിറങ്ങളിലുള്ള സ്ട്രാപ്പുകള്‍ ഇതിനായി ഉപയോഗിക്കാം. സ്ത്രീകള്‍ക്ക് അവരുടെ വസ്ത്രങ്ങളുടെ നിറത്തിനനുസരിച്ച് ബാന്‍ഡ്  മാറ്റാം. 6,299 രൂപയാണ് വാച്ചിന് പറയുന്നതെങ്കിലും ഉത്പന്നം അവതരിപ്പിച്ചു കഴിഞ്ഞാല്‍ അതിന്റെ വിപണി വിലയില്‍ നേരിയ കുറവ് വരുമെന്നാണ്  കണക്കുകൂട്ടുന്നത്.

Tuesday, June 5, 2012

ഫോണ്‍ റിംഗ് ചെയ്താല്‍ വൈബ്രേറ്റ് ചെയ്യുന്ന ടാറ്റൂ


ഫോണ്‍ എവിടെയോ കിടന്ന് തുരുതുരാ അടിക്കുന്നുണ്ട്. എന്തിലോ ശ്രദ്ധിച്ചിരിക്കുന്ന നമ്മളതെങ്ങനെ കേള്‍ക്കാന്‍. ഒടുക്കം സ്ഥലകാലബോധം വരുമ്പോള്‍ കാണാം, ചില സുപ്രധാന നമ്പറുകളില്‍ നിന്ന് മിസ്ഡ് കോള്‍. പിന്നെ മിനക്കേടായി, തിരിച്ചുവിളിക്കണ്ടേ അവരെയെല്ലാം? ഇതൊരു സാധാരണ സംഭവമാണിപ്പോള്‍. എന്തായാലും അധികകാലം ഇത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാവില്ല, വാക്ക് തരുന്നത് നോക്കിയയാണ്.
നോക്കിയ ഒരു കാന്തിക ടാറ്റൂ നിര്‍മ്മിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണില്‍ നടക്കുന്ന കാര്യങ്ങളെല്ലാം ഈ ടാറ്റൂ അറിയും. കോളുകള്‍, മെസേജ് എന്നിവ വരുമ്പോള്‍ ശരീരത്തില്‍ ഒട്ടിക്കിടക്കുന്ന ടാറ്റൂ വൈബ്രേറ്റ് ചെയ്യും. അങ്ങനെ ഫോണ്‍ റിംഗ് ചെയ്യുന്ന കാര്യം നമുക്ക് എളുപ്പം അറിയാനുമാകും.
ഫോണിന്റെ ബാറ്ററി തീരുമ്പോഴുള്ള നോട്ടിഫിക്കേഷനും ഇതിലൂടെ മനസ്സിലാക്കാം. ഫോണില്‍ നിന്നും വരുന്ന സിഗ്നല്‍ തരംഗങ്ങളെ ഈ കാന്തിക ടാറ്റൂ പിടിച്ചെടുക്കുമ്പോഴാണ് വൈബ്രേഷന്‍ വരുന്നത്. എന്ത് തരം വെബ്രൈഷനാണ് ടാറ്റൂ ഉണ്ടാക്കേണ്ടതെന്ന് നമുക്ക് തീരുമാനിക്കാം.
അതായത് മെസേജ് വരുമ്പോള്‍ ദൈര്‍ഘ്യം കുറഞ്ഞ വൈബ്രേഷന്‍, കോള്‍ വരുമ്പോള്‍ അല്പം കൂടി നീണ്ടുനില്‍ക്കുന്ന വെബ്രേഷന്‍, ഇനി ഫോണിന്റെ ബാറ്ററി തീരാറായാല്‍ അതറിയിക്കാന്‍ നേരിയൊരു വൈബ്രേഷന്‍ എന്നിങ്ങനെ എന്തും നമുക്ക് തെരഞ്ഞെടുക്കാം.
സാധാരണ ടാറ്റൂ ശരീരത്തില്‍ പതിപ്പിക്കുന്നത് പോലെ തന്നെയാണ് ഈ കാന്തിക ടാറ്റൂവും ശരീരത്തില്‍ പതിപ്പിക്കുന്നത്. നിങ്ങള്‍ക്കിഷ്ടമുള്ള ചിത്രം ടാറ്റൂവാക്കാനും നോക്കിയ അവസരം നല്‍കുന്നുണ്ട്. ഇത്തരം കാന്തിക ടാറ്റൂകള്‍ ശരീരത്തിന് ഹാനികരമാണെന്ന് വിശ്വസിക്കുന്നവര്‍ക്ക് വേണ്ടി മറ്റൊരു വഴിയും കണ്ടെത്തിയിട്ടുണ്ട്.
എല്ലാകാലവും ഈ ടാറ്റൂ ശരീരത്തില്‍ കൊണ്ടുനടക്കാന്‍ ഇഷ്ടമില്ലാത്തവര്‍ക്കും നോക്കിയ അവതരിപ്പിക്കുന്ന താത്കാലിക മാര്‍ഗ്ഗം ഉപയോഗിക്കാം. സ്‌പ്രേ ടാറ്റൂ, പേപ്പറില്‍ പതിപ്പിച്ച കാന്തിക ടാറ്റൂ, അല്ലെങ്കില്‍ കൈകളിലോ മറ്റോ കെട്ടിവെക്കാവുന്ന തരത്തില്‍ ഒരു ബാന്‍ഡില്‍ പതിപ്പിച്ച കാന്തിക ടാറ്റൂ എന്നീ ഓപ്ഷനുകള്‍ ഉണ്ട്. ഇവ ഉപയോഗിക്കുമ്പോഴുള്ള ഗുണം ടാറ്റൂ ആവശ്യമില്ലാത്തപ്പോള്‍ അത് നീക്കം ചെയ്യാം എന്നതാണ്.
കാന്തിക ടാറ്റു പേറ്റന്റ് അപേക്ഷ നോക്കിയ യുഎസ് പേറ്റന്റ് & ട്രേഡ് മാര്‍ക്ക് ഓഫീസില്‍ സമര്‍പ്പിച്ചു കഴിഞ്ഞു, ഇതിന് അംഗീകാരം കിട്ടുന്ന പക്ഷം പുതിയ മൊബൈല്‍ ഉത്പന്നങ്ങളില്‍ കമ്പനിയുടെ എക്‌സ്‌ക്ലൂസീവ് ടാറ്റൂ സംവിധാനവും പരിചയപ്പെടുത്തിയേക്കും. എന്നാല്‍ ഇതുപയോഗിച്ച് എന്താണ് പദ്ധതിയെന്ന്  നോക്കിയ വ്യക്തമാക്കിയിട്ടില്ല.

ഒരു കമ്പ്യൂട്ടറില്‍ നിന്നും മറ്റൊരു കമ്പ്യൂട്ടര്‍ ആക്‌സസ് ചെയ്യാന്‍


ഒരു കമ്പ്യൂട്ടറില്‍ നിന്നും മറ്റൊരു കമ്പ്യൂട്ടര്‍ എങ്ങനെ ആക്‌സസ് ചെയ്യാമെന്ന് അറിയുന്നത് ജോലിക്കിടയില്‍ ഒന്നിലേറെ കമ്പ്യൂട്ടറുകള്‍ ഉപയോഗിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യമാണ്. കൂടാതെ ഇതിന് പിന്നിലെ ഗുണവും സുരക്ഷാ പ്രശ്‌നങ്ങളും മനസ്സിലാക്കുകയും വേണം.
ഓഫീസില്‍ ജോലി ചെയ്യുന്നതിനിടെ വീട്ടിലെ സിസറ്റത്തില്‍ സൂക്ഷിച്ചുവെച്ച ഒരു ഡാറ്റ ആവശ്യമായി വന്നാല്‍ അത് ആക്‌സസ് ചെയ്യാന്‍ ഈ സൂത്രത്തിലൂടെ സാധിക്കും. സോഫ്റ്റ് വെയര്‍ ഡൗണ്‍ലോഡ് ചെയ്തും അല്ലെങ്കില്‍ ചില വെബ്‌സൈറ്റുകള്‍ വഴിയും വിദൂര ആക്‌സസിംഗ് സാധ്യമാണ്. അതിനാല്‍ സിസ്റ്റത്തിന് ഏറ്റവും ഇണങ്ങുന്ന മാര്‍ഗ്ഗം തെരഞ്ഞെടുക്കേണ്ടത് ഉപയോക്താവാണ്.
ഏറെ സുരക്ഷാ പ്രശ്‌നങ്ങളുള്ള രീതിയാണ് വിദൂര ആക്‌സസിംഗ്. അതിനാല്‍ ആദ്യം വിദൂര ആക്‌സസിംഗ് എങ്ങനെ സാധ്യമാക്കാം എന്നും പിന്നീട് അതിന്റെ മോശം വശത്തെക്കുറിച്ചും മനസ്സിലാക്കാം.
ആദ്യം വിദൂര ആക്‌സസിംഗിന് അനുവാദം നല്‍കണം
  • മൈ കമ്പ്യൂട്ടറില്‍ റൈറ്റ് ക്ലിക് ചെയ്ത് പ്രോപര്‍ട്ടീസ് എടുക്കുക

  • അതില്‍ റിമോട്ട് സെറ്റിംഗ് എന്ന ടാബ് കാണാം, അത് ക്ലിക് ചെയ്യുക

  • കമ്പ്യൂട്ടര്‍ വിദൂരത്തിലിരുന്ന് കണക്റ്റ് ചെയ്യാന്‍ അനുവദിക്കുക എന്ന് എഴുതിയതിന് നേരെയുള്ള ബോക്‌സില്‍ ടിക് ചെയ്യുക.

  • പിന്നീട് അപ്ലൈ, ഒ.കെ ബട്ടണുകള്‍ ക്ലിക് ചെയ്യുക
റിമോട്ട് ആക്‌സസ് വാഗ്ദാനം ചെയ്യുന്ന വെബ്‌സൈറ്റുകള്‍
സോഫ്റ്റ് വെയറുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് സുരക്ഷിതമല്ലെന്ന് തോന്നുവര്‍ക്കായി വിദൂര ആക്‌സസിംഗിന് അനുവദിക്കുന്ന ചില വെബ്‌സൈറ്റുകളെ പരിചയപ്പെടുത്താം. ഇതില്‍ ചില വെബ്‌സൈറ്റുകള്‍ പ്ലഗ് ഇന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടും. പ്ലഗ് ഇന്നുകള്‍ താരതമ്യേന ചെറിയ പ്രോഗ്രാം ആണ്. സോഫ്റ്റ്‌വെയര്‍ പോലെ കൂടുതല്‍ സ്‌റ്റോറേജ് സ്‌പേസ് ഇതിന് ആവശ്യമില്ല.
  • ഗോറ്റുമൈപിസി: മാകിന്റോഷ്, വിന്‍ഡോസ് കമ്പ്യൂട്ടറുകളിള്‍ പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റാണിത്. ഗോറ്റുമൈപിസി ആപ്ലിക്കേഷനും ഇപ്പോള്‍ ലഭ്യമാണ്.

  • ലോഗ്മിഇന്‍: വിദൂര ആക്‌സസിംഗ് അനുവദിക്കുന്ന ധാരാളം സേവനങ്ങള്‍ ഈ വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. ലോഗ്മിഇന്‍ ബാക്ക്അപ്, ലോഗ്മിഇന്‍ സെന്‍ട്രല്‍ എന്നിവയാണ് ഇതില്‍ ചിലത്. ലോഗ്മിഇന്‍ ബാക്ക്അപ് ഫയലുകള്‍ മറ്റൊരു സ്റ്റോറേജ് ഉത്പന്ന(കമ്പ്യൂട്ടര്‍)ത്തിലേക്ക് സേവ് ചെയ്യാന്‍ അനുവദിക്കുന്ന സേവനമാണ്. വിവിധ കമ്പ്യൂട്ടറുകളെ ഒരേ സമയം ഇന്റര്‍നെറ്റിലൂടെ കൈകാര്യം ചെയ്യാനാണ് ലോഗ്മിഇന്‍ സെന്‍ട്രല്‍ സേവനം ഉപയോഗിക്കേണ്ടത്.

  • വെബ്എക്‌സ് പിസിനൗ: വെബ്എക്‌സ് വെബ്‌സൈറ്റുപയോഗിച്ച് മറ്റ് കമ്പ്യൂട്ടറുകളിലെ ഫയലും ഇമെയിലും ആക്‌സസ് ചെയ്യാം. മറ്റ് സിസ്റ്റങ്ങളിലെ വെബ്ക്യാമിനെ സെക്യൂരിറ്റി ക്യാമറകളായി ഉപയോഗിക്കാനും ഇതിലൂടെ കഴിയും.
സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡുകള്‍
ഇന്റര്‍നെറ്റ് വെബ്‌സൈറ്റുകളേക്കാള്‍ വേഗത്തില്‍ ഫയല്‍ ട്രാന്‍സ്ഫറിംഗിന് സാധിക്കും എന്നതാണ് സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിലെ മേന്മ.
ലാപ്‌ലിങ്ക്, റിയല്‍വിഎന്‍സി, വിന്‍ഡോസ് റിമോട്ട് ഡെസ്‌ക്ടോപ് എന്നിവയാണ് ഡൗണ്‍ലോഡ് ചെയ്യാന്‍ അനുഗുണമായ ചില സോഫ്റ്റ്‌വെയറുകള്‍.
ശ്രദ്ധിക്കുക: വിദൂര ആക്‌സസിംഗിന് വിധേയമാകുന്ന സിസ്റ്റം ഓണ്‍ ചെയ്ത് വെക്കുമ്പോഴേ ആക്‌സസ് ചെയ്യാനാകുകയുള്ളൂ.
ഫയര്‍വോള്‍ വിദൂര ആക്‌സസിംഗിന് അനുവദിക്കുന്ന സോഫ്റ്റ്‌വെയറിനെ ചിലപ്പോള്‍ ബ്ലോക് ചെയ്‌തേക്കും. അതിനാല്‍ അത് ബ്ലോക് ചെയ്യുന്നുണ്ടോ എന്ന് നിരീക്ഷിക്കണം. ഈ സോഫ്റ്റ്‌വെയര്‍ ആദ്യമായി ഉപയോഗിക്കുമ്പോള്‍ ഫയര്‍വോള്‍ അതിനെ ബ്ലോക്ക് ചെയ്യണോ എന്ന് ചോദിക്കുന്ന പോപ് അപ് വിന്‍ഡോ പ്രത്യക്ഷപ്പെടും. അപ്പോള്‍ അതില്‍ അണ്‍ബ്ലോക്ക് നല്‍കിയാല്‍ മതി.
സുരക്ഷാപ്രശ്‌നം
സിസ്റ്റം എളുപ്പത്തില്‍ ഹാക്ക് ചെയ്യപ്പെടാന്‍ റിമോട്ട് ആക്‌സസിംഗ് ഓപ്ഷന്‍ കാരണമാകും. അതിനാല്‍ കഴിയുന്നതും റിമോട്ട് സെറ്റിംഗ് ബോക്‌സ് ഡിസേബിള്‍ ചെയ്തുവെക്കുന്നതാണ് നല്ലത്. അത്യാവശ്യം വരുമ്പോള്‍ അത് എനേബിള്‍ ചെയ്യാമല്ലോ.
റിമോട്ട് ആക്‌സസിംഗ് ആവശ്യമില്ലാത്തവര്‍ കമ്പ്യൂട്ടറിലെ പ്രോപര്‍ട്ടീസിലെ റിമോട്ട് സെറ്റിംഗ്‌സില്‍ പോയി റിമോട്ട് ആക്‌സസിംഗ് അനുവദിക്കുക എന്ന ഡയലോഗിന് നേരെയുള്ള ബോക്‌സ് ടിക് ചെയ്തിട്ടുണ്ടോ എന്ന് നോക്കുക. ഉണ്ടെങ്കില്‍ അതുടന്‍ തന്നെ ഡിസേബിള്‍ ചെയ്ത് താഴെയുള്ള ഒ.കെ ബട്ടണില്‍ ക്ലിക് ചെയ്യുക. അല്ലെങ്കില്‍ നിങ്ങള്‍ ഹാക്കറിന്റെ കൈകളില്‍ ഏത് നിമിഷവും അകപ്പെടാം.

Friday, June 1, 2012

വോയ്‌സ് ബ്ലോഗിംഗ് നടത്താം


നമ്മള്‍ മലയാളികള്‍ എന്തിനെക്കുറിച്ചും വാചാലരാകും അതിന് ഒറു വേദി കിട്ടിയാല്‍ മാത്രം മതി. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍+ എന്നിവ നോക്കിയാല്‍ കാണാം മലയാളികളുടെ സജീവ സാന്നിധ്യം. മാത്രമല്ല സ്വന്തം കാര്യങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കാനും മറ്റുള്ളവരുമായി ബന്ധം സ്ഥാപിക്കാനുമായി മലയാളത്തില്‍ ഇന്ന് ഒട്ടനവധി മികച്ച ബ്ലോഗുകള്‍ ഉണ്ട്.
ഇന്ത്യയിലെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി പുതുതായൊരു ബ്ലോഗ് ആപ്ലിക്കേഷന്‍ എത്തിയിട്ടുണ്ട്. ബബ്ലി എന്നാണ് ഇതറിയപ്പെടുന്നത്. ഒരു സോഷ്യല്‍ വോയ്‌സ് ആപ്ലിക്കേഷനാണിത്. ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവരുമായി നിങ്ങള്‍ക്ക് സ്വന്തം ശബ്ദത്തില്‍ ആശയവിനിമയം നടത്താം. ഐഫോണിലും ഈ ആപ്ലിക്കേഷന്‍ ലഭ്യമാണ്.
ബബിള്‍ മോഷന്‍ എന്ന കമ്പനിയാണ് 2010ല്‍ ഈ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചത്. ഇപ്പോള്‍ ഇതിന് ലോകത്താകമാനമായി 1.6 ലക്ഷം ഉപയോക്താക്കള്‍ (ബബ്‌ളേഴ്‌സ്) ഉണ്ട്. അമിതാഭ് ബച്ചന്‍, മാധവന്‍, പ്രിയങ്ക ചോപ്ര, ലേഡി ഗഗ ഉള്‍പ്പടെയുള്ള സെലബിറ്റികള്‍ ഈ ആപ്ലിക്കേഷന്‍ നെറ്റ്‌വര്‍ക്കിലുണ്ട്. അവരുമായി കണക്റ്റാകാനും നിങ്ങളുടെ അഭിപ്രായങ്ങളും മറ്റും സ്വന്തം ശബ്ദത്തില്‍ ഷെയര്‍ ചെയ്യാനുമാണ് ഈ വേദിയിലൂടെ സാധിക്കുക.
ബബ്ലി നെറ്റ്‌വര്‍ക്കില്‍ മാത്രമല്ല ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ എന്നിവയിലൂടെയും നിങ്ങളുടെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യാനാകും. ടെക്‌സ്റ്റ് അധിഷ്ഠിത ആശയവിനിമയങ്ങള്‍ പോലെ ശബ്ദ ആശയവിനിമയങ്ങള്‍ക്കും കമന്റുകള്‍ നല്‍കാവുന്നതാണ്. നിങ്ങളുടെ കമന്റ് ആരെങ്കിലും ലൈക്ക് ചെയ്താലോ ഫോളോ ചെയ്താലോ നോട്ടിഫിക്കേഷന്‍ ലഭിക്കും.

ഫെയ്‌സ്ബുക്കിനെ വെല്ലുവിളിക്കുന്ന പതിനാലുകാരന്‍


പ്രായ പൂര്‍ത്തിയായവര്‍ മാത്രമേ ഫെയ്‌സ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ അംഗമാകാവൂ എന്നൊക്കെയാണെങ്കിലും കൊച്ചു കൂട്ടികള്‍ വരെ വളരെ സജീവമായി ഇത്തരം സൈറ്റുകളിലൊക്കെ ഉണ്ട്.
കുട്ടികളെ സംബന്ധിച്ചിടത്തോളം ഇത്തരം സൈറ്റുകളില്‍ അംഗമാവുക, എന്നും സ്‌കൂളില്‍ വെച്ചു കാണുന്നവരായാലും വൈകീട്ട് സഹപാഠികളോട് ഫെയ്‌സ്ബുക്ക് വഴി ഒരു ഹായ് അല്ലെങ്കില്‍ ഹലോ പറയുക എന്നതൊക്കെ ഒരു ശീലമായിട്ടുണ്ട്.
എന്നാല്‍ ഇതില്‍ നിന്നൊക്കെ വേറിട്ടൊരു പതിനാലുകാരനെ നമുക്ക് പരിചയപ്പെടാം.  പുനെ സ്വദേശിയായ വിഗ്നേഷ് സുന്ദരാജന്‍ എന്ന വെറും പതിനാലു വയസ്സുള്ള കുട്ടി സ്വന്തമായി ഒരു സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റു തന്നെയങ്ങു ഉണ്ടാക്കിക്കളഞ്ഞു.  ജനുവരി 21നാണ് മാസങ്ങളായുള്ള പ്രയത്‌നം അവസാനിപ്പിച്ച് ഈ സെറ്റകണക്റ്റ്.കോ.ഇന്‍ ലോഞ്ച് ചെയ്തത്.
സെറ്റകണക്റ്റ്.കോ.ഇന്‍ (zettaconnect.co.in) എന്നാണ് വിഗ്നേഷിന്റെ സൈറ്റിംന്റേ പേര്.  സെറ്റ എന്നാല്‍ കമ്പ്യൂട്ടര്‍ ഭാഷയില്‍ ഒരു ബിറ്റ് മെമ്മറി എന്നാണ് അര്‍ത്ഥമാക്കുന്നത്.  കണക്റ്റ് എന്നത് ബന്ധിപ്പിക്കുന്നത് എന്നും.  തന്റെ സൈറ്റിന് ഇങ്ങനൊരു പേരിടാനുള്ള കാരണം വ്യക്തമാക്കുകയായിരുന്നു വിഗ്നേഷ്.
പ്രമുഖ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റ്, ഫെയ്‌സ്ബുക്കിന് സമാനമായ പല ഫീച്ചറുകളും ഈ ഇന്ത്യന്‍ സൈറ്റിലും ഉണ്ട്.  എച്ച്ടിഎംഎല്‍, പിഎച്ച്പി എന്നീ കമ്പ്യൂട്ടര്‍ ഭാഷകളുപയോഗിച്ചാണ് വിഗിനേഷ് ഈ പുതിയ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റിന് രൂപം നല്‍കിയിരിക്കുന്നത്.
സര്‍ഗ്ഗപരതയിലെ ഒരു അപകടം എന്ന് ഫെയ്‌സ്ബുക്കിനെ വിശേഷിപ്പിക്കാറുള്ള ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബെര്‍ഗിനു ഒരു മറുപടിയായിരിക്കും ഈ പതിനാലുകാരന്‍.
ഗെയിമുകള്‍, ചാറ്റിംഗ്, ഫോട്ടകളും, വീഡിയോകളും അപ്ലോഡ് ചെയ്യാനുള്ള സംവിധാനം തുടങ്ങിയവയെല്ലാം സെറ്റകണക്റ്റിലുണ്ട്.  നിലവില്‍ മുപ്പതോളം അംഗങ്ങളാണ് ഇതിലുള്ളത്.