Wednesday, May 30, 2012

സര്‍ക്കാര്‍ സൈറ്റുകള്‍ ഉപയോഗിക്കുന്നത് 70% ഉപയോക്താക്കള്‍



രാജ്യത്തെ 70 ശതമാനത്തോളം ഇന്റര്‍നെറ്റ് ഉപയോക്താക്കളും വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ വെബ്‌സൈറ്റുകളെ ആശ്രയിക്കുന്നവരാണെന്ന് ഐടി കമ്പനിയായ ആക്‌സഞ്ചര്‍ വ്യക്തമാക്കി. വിവിധ ഫോമുകള്‍ ലഭിക്കുന്നതിനും പണമടക്കുന്നതിനും തുടങ്ങിയുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ക്കാണ് നെറ്റ് ഉപയോക്താക്കള്‍ ഈ സൈറ്റുകളെ
ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ ഇനിയും കൂടുതല്‍ ഓണ്‍ലൈന്‍ ചാനലുകള്‍ ആവശ്യമാണെന്നാണ് 53 ശതമാനത്തോളം നെറ്റ്ഉപയോക്താക്കളും ആവശ്യപ്പെടുന്നതെന്നും ആക്‌സഞ്ചര്‍ പഠനം വ്യക്തമാക്കുന്നു.
സ്വകാര്യ കമ്പനികളുമായി ഇടപെടുന്നത് പോലെ വളരെ എളുപ്പമുള്ളതായിരിക്കുകയാണ് സര്‍ക്കാര്‍ വകുപ്പുകളുമായുള്ള ഇടപെടലെന്നും 50 ശതമാനം ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ അഭിപ്രായപ്പെടുന്നു. തിരക്കുകള്‍ക്കിടയില്‍ സര്‍ക്കാര്‍ വകുപ്പുകളുടെ വിവിധ ഫോറങ്ങള്‍ കൈപറ്റാനും പണമടക്കാനും ഓഫീസുകള്‍ക്കു മുന്നിലെ നീണ്ട വരികളില്‍ നില്‍ക്കുന്നതിനേക്കാള്‍ എളുപ്പമാണ് ഒരു കമ്പ്യൂട്ടറില്‍ അല്പ സമയം ചെലവഴിക്കുന്നതെന്ന അഭിപ്രായമാണ് ഇന്ത്യന്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ വലിയൊരളവിനും ഉള്ളത്.
ഇന്ത്യന്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമില്‍ ലഭിച്ച സ്വീകാര്യതയേക്കാള്‍ കുറവാണ് ഓസ്‌ട്രേലിയ, ഫ്രാന്‍സ്, ജര്‍മ്മനി, സിംഗപ്പൂര്‍, യുഎസ്, യുകെ എന്നീ രാജ്യങ്ങളിലേതെന്നും പഠനം വ്യക്തമാക്കുന്നു.

അശ്ലീലവെബ്‌സൈറ്റില്‍ സന്ദര്‍ശകര്‍ 35 കോടി


ആഗോള വെബ് ട്രാഫിക്കില്‍ 30 ശതമാനവും അശ്ലീലവെബ്‌സൈറ്റുകളിലാണെന്ന് പഠനം. പ്രതിമാസം 400 കോടി പേജ് വ്യൂവും 35 കോടി സന്ദര്‍ശകരേയും കിട്ടുന്ന അശ്ലീലവെബ്‌സൈറ്റുകള്‍ ഉണ്ടെന്നും എക്‌സ്ട്രീം ടെക് എന്ന വെബ്‌സൈറ്റ് നടത്തിയ പഠനം വെളിപ്പെടുത്തുന്നു. ഈ കണക്കിനെ മറികടക്കുന്ന സൈറ്റുകള്‍ ഗൂഗിളും ഫെയ്‌സ്ബുക്കും മാത്രമാണെന്നും ഇതില്‍ പറയുന്നു.
എക്‌സ്‌വീഡിയോസ്, യുപോണ്‍ എന്നിവയാണ് അശ്ലീല സൈറ്റുകളുടെ കൂട്ടത്തില്‍ കൂടുതല്‍ സന്ദര്‍ശകരുമായി മുന്നിട്ടുനില്‍ക്കുന്നത്. എക്‌സ് വീഡിയോസില്‍ സന്ദര്‍ശകര്‍ ചെലവഴിക്കുന്ന ശരാശരി സമയം 15 മിനുട്ടാണ്. സെക്കന്റില്‍ 50 ജിഗാബൈറ്റോളം ഡാറ്റകള്‍ ഇതിലൂടെ ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുന്നുണ്ടെന്നും ഈ പഠനം വിശദമാക്കുന്നു.
ഒരു ദിവസം 10 കോടി പേജ് വ്യൂ ആണ് യുപോണിലുള്ളത്. ഇത്തരം വെബ്‌സൈറ്റുകളിലെ കുക്കീസുകള്‍ ഉപയോക്താവിന്റെ കമ്പ്യൂട്ടര്‍ ഡാറ്റകള്‍ ആക്‌സസ്  ചെയ്യാന്‍ ശേഷിയുള്ളതാണെന്നും പഠനം കണ്ടെത്തുന്നു. ഈ വര്‍ഷാദ്യത്തില്‍ ഇപോണ്‍ ഉപയോക്താക്കളുടെ 6,400 പാസ്‌വേര്‍ഡുകളും ഇമെയിലുകളും ഹാക്ക്  ചെയ്യപ്പെട്ടിരുന്നു. അവയെല്ലാം പിന്നീട് ഓണ്‍ലൈനില്‍ പ്രസിദ്ധപ്പെടുത്തുകയും ഉണ്ടായി.

ജൂലൈ 9 അടുക്കുന്നു; ഇന്റര്‍നെറ്റ് ലഭിക്കണമെങ്കില്‍ പിസി പരിശോധിക്കൂ…


നിങ്ങളുടെ പിസിയില്‍ ഇന്റര്‍നെറ്റ് ആക്‌സസ് ലഭിക്കണമെങ്കില്‍ ജൂലൈ 9ന് മുമ്പെ പിസി വൃത്തിയാക്കണമെന്ന് മുന്നറിയിപ്പ്. ഡിഎന്‍എസ്‌ചേഞ്ചര്‍ മാല്‍വെയര്‍ മൂലം പിസിയിലെ ഇന്റര്‍നെറ്റ് ആക്‌സസ് തടസ്സപ്പെടാതിരിക്കാനാണ് സെര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിളും മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്റര്‍നെറ്റ് ആക്‌സസിംഗ് ജൂലൈ 9 മുതല്‍ ചില കമ്പ്യൂട്ടറുകളില്‍ തടസ്സപ്പെടുമെന്ന വാര്‍ത്ത ഇതിന് മുമ്പേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
2011ന്റെ അവസാനത്തില്‍ ഹാക്കര്‍മാര്‍ ഒരു ഓണ്‍ലൈന്‍ പരസ്യതട്ടിപ്പ് ആരംഭിച്ചിരുന്നു. ഈ തട്ടിപ്പിനിരയായ കമ്പ്യൂട്ടറുകളുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ വേണ്ടിയാണ് പരസ്യതട്ടിപ്പ് നടത്തിയത്. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് എഫ്ബിഐ സര്‍ക്കാര്‍ കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ച് സുരക്ഷാവല തയ്യാറാക്കിയത്. അതിനാലാണ് പല കമ്പ്യൂട്ടറുകള്‍ക്കും ഇപ്പോഴും ഇന്റര്‍നെറ്റ് ലഭിക്കുന്നതെന്നും എഫ്ബിഐ അറിയിച്ചിരുന്നു. എന്നാല്‍ ഇത് ചെലവേറിയ സംരക്ഷണ രീതിയാണ്. ഈ സംവിധാനമാണ് ജൂലൈ 9ഓടെ നിര്‍ത്തലാക്കുന്നത്. അതുവഴി ആക്രമണത്തിനിരയായ കമ്പ്യൂട്ടറിലേക്കുള്ള ഇന്റര്‍നെറ്റ് ആക്‌സസിംഗ് നിലയ്ക്കും.

മൊബൈല്‍ ബില്‍ എങ്ങനെ കുറയ്ക്കാം?


പലപ്പോഴും ഒരു മാസത്തെ പലചരക്കിന് ചെലവാകുന്നത്രയോളം മൊബൈല്‍ ഫോണുകള്‍ വഴി നമുക്ക് നഷ്ടമാകുന്നത്. പ്രീപെയ്ഡായാലും പോസ്റ്റ് പെയ്ഡായാലും ഫോണ്‍ വിളിക്കും മെസേജിംഗിനും യാതൊരു കുറവുമുണ്ടാകില്ല. അതിനാല്‍ തന്നെ ബില്‍ വരുമ്പോള്‍ അത് നാലക്കത്തില്‍ എത്തിയിട്ടുണ്ടാകും. ചിലപ്പോള്‍ കുറഞ്ഞ റെന്റല്‍ പ്ലാനുകളാകും വാങ്ങുക. അതുമല്ലെങ്കില്‍ ഹൈ എന്‍ഡ് പാക്കേജുകള്‍. എന്നാല്‍ ഈ പാക്കേജുകളിലെ ഓഫറുകള്‍ പലപ്പോഴും നമ്മള്‍ ഉപയോഗിക്കുന്നുമുണ്ടാകില്ല. ലാഭം കമ്പനിക്ക് മാത്രം.
മൊബൈലിലെ അനാവശ്യപണമൊഴുക്ക് തടയാന്‍ ഓരോ വ്യക്തിക്കും ഇണങ്ങുന്ന പാക്കേജുകള്‍ തെരഞ്ഞെടുക്കുകയാണ് വേണ്ടത്. ഏതെങ്കിലും ഒരു പരിചയക്കാരന്‍ ഒരു ഹൈ എന്‍ഡ് പാക്കേജ് എടുത്തിട്ടുണ്ടെങ്കില്‍ അതെടുക്കാന്‍ നോക്കാതെ നിങ്ങള്‍ക്ക് അത്രയും വലിയ പാക്കേജിന്റെ ആവശ്യമുണ്ടോ എന്ന് നോക്കുകയാണ് വേണ്ടത്.
മൊബൈല്‍ ബില്‍ കുറയ്ക്കാനുള്ള വഴികള്‍
  • ശരിയായ പ്ലാന്‍ തെരഞ്ഞെടുക്കുക
എപ്പോഴാണ് ഏറ്റവും അധികം കോള്‍ ചെയ്യുന്നതെന്ന് നോക്കുക. രാവിലെയോ ഉച്ചയ്‌ക്കോ രാത്രിയോ?  അതോ ദിവസവും കാര്യമായി വിളിക്കുന്നില്ല ആഴ്ചയിലൊരിക്കലോ മറ്റോ ആണോ. ഇതെല്ലാം പരിഗണിച്ച് നിങ്ങള്‍ക്കാവശ്യമുള്ള സമയത്തിനനുസരിച്ച് എന്തെങ്കിലും പ്ലാന്‍ ഉണ്ടോ എന്ന് നോക്കുക. തീര്‍ത്തും നിങ്ങളുടെ ആവശ്യത്തിനിണങ്ങുന്ന പ്ലാനാണെങ്കില്‍ പണം ഇവിടെ ലാഭിച്ച് തുടങ്ങാം.
  • ടോള്‍ ഫ്രീ കോളുകള്‍ ഒഴിവാക്കുക
ലാന്‍ഡ് ലൈനുകള്‍ക്ക് മാത്രം ബാധകമായ ടോള്‍ ഫ്രീ കോളുകള്‍ ഉണ്ട്. അവ മനസ്സിലാക്കി മൊബൈലില്‍ നിന്ന് അത്തരം കോളുകള്‍ ചെയ്യാതിരിക്കുക. മൊബൈലില്‍ നിന്ന് വിളിച്ചാല്‍ അതിന് പണം ഈടാക്കും.
  • സൗജന്യ കോള്‍ ഓഫറുകള്‍ തെരഞ്ഞെടുക്കുക
മിക്ക നെറ്റ്‌വര്‍ക്കുകളും അതേ നെറ്റ്‌വര്‍ക്കിലേക്ക് സൗജന്യ കോളുകള്‍ ലഭ്യമാക്കുന്നുണ്ട്. ഫ്രന്റ്‌സ്, ഫാമിലി പാക്കുകളും ഇത്തരം ഓഫറുകളില്‍ പെടാറുണ്ട്. സുഹൃത്തുക്കളും ബന്ധുക്കളും ഏത് നെറ്റ്‌വര്‍ക്കാണ് ഏറ്റവും അധികം ഉപയോഗിക്കുന്നതെന്ന് നോക്കി പ്ലാന്‍ തെരഞ്ഞെടുക്കുക. നിങ്ങള്‍ നിരന്തരമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരില്‍ വലിയൊരു പങ്കും ഒരേ നെറ്റ്‌വര്‍ക്കിലാണെങ്കില്‍ സൗജന്യ കോളുകള്‍ ഉപയോഗിച്ച് ചെലവ് ചുരുക്കാം.
  • അണ്‍ലിമിറ്റഡ് എസ്എംഎസ് പ്ലാന്‍
കോളിനേക്കാള്‍ കൂടുതല്‍ എസ്എംഎസ് അയയ്ക്കുന്നവരാണ് നിങ്ങളെങ്കില്‍ അണ്‍ലിമിറ്റഡ് എസ്എംഎസ് പ്ലാനുകള്‍ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. വലിയൊരു പങ്ക് ബില്‍ തുക കുറക്കാന്‍ ഇത് സഹായിക്കും.
ഇത്തരത്തില്‍ വളരെ ലളിതമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചാല്‍ മതി മൊബൈല്‍ ബില്ലിന്റെ പേരില്‍ കീശയില്‍ നിന്ന് പോകുന്ന കാശിന് ഒരു നിയന്ത്രണം വരുത്താം.

സൗജന്യ എസ്എംഎസ്

  ഹോട്ട്‌മെയിലിന്റെ സ്ഥാപകരിലൊരാളായ സബീര്‍ ഭാട്ട്യ പരിധിയില്ലാത്ത സൗജന്യ എസ്എംഎസ് മൊബൈല്‍ അപ്ലിക്കേഷനുമായി രംഗത്ത്. ജാക്‌സര്‍എസ്എംഎസ്(jaxtrsms) എസ്എംഎസ് എന്നു പേരിട്ടിട്ടുള്ള ഈ സംവിധാനത്തിലൂടെ ഏത് മൊബൈലിലേക്കും തീര്‍ത്തും സൗജന്യമായി എസ്എംഎസ് അയയ്ക്കാം.