Thursday, May 31, 2012

പാട്ടിന്റെ പാലാഴിയായി ഈ സൈറ്റുകള്‍


സംഗീതം മനസ്സിന് നല്‍കുന്ന സുഖം നിര്‍വ്വചിക്കാന്‍ പ്രയാസമാണ്. ദു:ഖം വരുമ്പോഴും സന്തോഷം വരുമ്പോഴും നമ്മോടൊപ്പം നില്‍ക്കുന്ന സുഹൃത്താണ് സംഗീതം. സിനിമാ ഗാനങ്ങളാണ് സംഗീതത്തെ കൂടുതല്‍ ജനകീയമാക്കിയത്. ജോലിയുടെ സമ്മര്‍ദ്ദം കുറയ്ക്കാനും സംഗീതത്തിന് കഴിയും. കുറഞ്ഞ ശബ്ദത്തില്‍ അടുത്തിരിക്കുന്നവര്‍ പോലും കേള്‍ക്കാത്ത രീതിയില്‍ ഇയര്‍ഫോണുകള്‍ വെച്ച് സംഗീതം ആസ്വദിക്കാം. അതിനായി ഇന്റര്‍നെറ്റില്‍ എണ്ണമറ്റ വെബ്‌സൈറ്റുകള്‍ ഉണ്ട്. അതില്‍ ഏറെ പേരുകേട്ട ചില ഇന്ത്യന്‍ സംഗീത വെബസൈറ്റുകളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.
ഹിന്ദി ഗാനങ്ങളുടെ ഒരു വന്‍ ശേഖരമാണ്‌സാവ്ന്‍ വെബ്‌സൈറ്റിലുള്ളത്. 50കളില്‍ തുടങ്ങി 90കള്‍ വരെയുള്ള ക്ലാസിക് ഹിന്ദി ഗാനങ്ങള്‍ക്കൊപ്പം ഏറ്റവും പുതിയ ബോളിവുഡ് ഗാനങ്ങള്‍ക്കും ആശ്രയിക്കാവുന്ന സൈറ്റാണിത്. സൗത്ത് ഏഷ്യന്‍ ഓഡിയോ വീഡിയോ നെറ്റ്‌വര്‍ക്കിന്റെ ചുരുക്കിയ രൂപമാണ് സാവ്ന്‍ എന്ന പേരിന് പിന്നില്‍. ഹിന്ദിയെ കൂടാതെ തമിഴ് ഗാനങ്ങളും സാവ്‌നില്‍ ലഭിക്കും. ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്കായി മൊബൈല്‍ ആപ്ലിക്കേഷനും സാവ്‌നില്‍ ഉണ്ട്. 90 ലക്ഷം സജീവ ഉപയോക്താക്കളുള്ള സാവ്‌നില്‍ ഒരു ദിവസം 10 ലക്ഷം മ്യൂസിക് സ്ട്രീമിംഗ് നടക്കുന്നുണ്ട്.
ഹിന്ദിയെ കൂടാതെ എല്ലാ പ്രാദേശിക ഭാഷാ ഗാനങ്ങളും നല്‍കുന്ന വെബ്‌സൈറ്റാണ് ധിന്‍ഗാന. ഹിന്ദി ഓള്‍ഡീസ്, ഹിന്ദി പോപ്, ഹിന്ദി റീമിക്‌സ് തുടങ്ങി ഹിന്ദി സംഗീതത്തെ തന്നെ പല വിഭാഗങ്ങളായി വേര്‍തിരിച്ചിട്ടുള്ളതിനാല്‍ ഇഷ്ടപ്പെട്ട ഗാനങ്ങള്‍ പെട്ടെന്ന് തെരഞ്ഞെടുക്കാന്‍ ഇതില്‍ സാധിക്കും. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി ദക്ഷിണേന്ത്യന്‍ ഭാഷകളിലും മറ്റ് എല്ലാ ഇന്ത്യന്‍ ഭാഷകളിലുള്ള ഗാനങ്ങളും ഇവിടെ ലഭിക്കും. സംസ്‌കൃത ഭക്തിഗാനങ്ങള്‍ക്കും ഒരു നല്ല വെബ്‌സൈറ്റാണിത്. ഐഒഎസ്, ആന്‍ഡ്രോയിഡ്, ബ്ലാക്ക്‌ബെറി സ്മാര്‍ട്‌ഫോണുകളില്‍ ഈ വെബ്‌സൈറ്റ് പ്രവര്‍ത്തിക്കും.
വളരെ ഉചിതമായ പേരാണ് ഈ വെബ്‌സൈറ്റിന്റേത്. ഈ പേര് കേട്ടാല്‍ ഓര്‍മ്മ വരിക ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തെക്കുറിച്ചാണ്. എന്നാല്‍ ക്ലാസിക്കല്‍ സംഗീത്തെ മാത്രമല്ല ഈ സൈറ്റ് ഉള്‍ക്കൊള്ളുന്നത്. എല്ലാ വിഭാഗത്തില്‍ പെട്ടതും എല്ലാ ഭാഷകളിലുള്ളതുമായ ഗാനങ്ങള്‍ ഇതില്‍ ലഭിക്കും. വിദേശഭാഷ ഗാനങ്ങള്‍ വരെ ഇതിലുണ്ട്. ഭക്തിഗാനങ്ങളുടേയും ഒരു പ്രധാന കലവറയാണ് രാഗ. നിങ്ങളുടെ സ്വന്തമായ ഒരു പ്ലേലിസ്റ്റ് ഉണ്ടാക്കാനും മറ്റുള്ളവരുമായി ഗാനങ്ങള്‍ ഷെയര്‍ ചെയ്യാനും ഇതില്‍ സാധിക്കും. മ്യൂസിക്കല്‍ ഇ-ഗ്രീറ്റിംഗ് കാര്‍ഡുകളും ഇവിടെ നിന്ന് ലഭിക്കും. രാഗയുടെ ആന്‍ഡ്രോയിഡ്, ഐഒഎസ് ആപ്ലിക്കേഷനുകളുമുണ്ട്. എംപി3 ഡൗണ്‍ലോഡുകള്‍ ചെയ്യാനും രാഗയില്‍ കഴിയും.
രാഗ പോലെ പേരില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന മറ്റൊരു സംഗീത സൈറ്റാണ് ഗാന. പാട്ടുകളെ പുതിയ റിലീസ്, പ്രശസ്തമായത്, പ്ലേലിസ്റ്റ്, ആര്‍ടിസ്റ്റ്, ആല്‍ബം, റേഡിയോ സ്‌റ്റേഷന്‍ എന്നീ ഗണങ്ങളിലായി വേറിട്ട് തെരഞ്ഞെടുക്കാവുന്നതാണ്. ഫെയ്‌സ്ബുക്ക് ടൈംലൈന്‍ സവിശേഷത ഉപയോഗപ്പെടുന്ന വെബ്‌സൈറ്റാണിത്. ഇതിലൂടെ മറ്റുള്ളവര്‍ അധികവും കേള്‍ക്കുന്ന ഗാനങ്ങളേതെന്ന് കണ്ടെത്താനാകും മറ്റുള്ളവരുമായി ഇഷ്ടാനിഷ്ടങ്ങള്‍ പങ്കുവെക്കാനുമാകും. ഇന്ത്യന്‍ സംഗീതത്തെ കൂടാതെ ചില അന്താരാഷ്ട്ര ഗാനങ്ങളും ഇതില്‍ ലഭിക്കും. സൈറ്റിന്റെ ഐപാഡ് വേര്‍ഷനും ഉണ്ട്.
ബഹുഭാഷാ ഇന്ത്യന്‍ സംഗീതമാണ് ഈ സൈറ്റില്‍ നിങ്ങള്‍ക്ക് കാണാനാകുക. പോപ്, ഫ്യൂഷന്‍, ഗസല്‍ എന്നിങ്ങനെ പോകുന്നു പാട്ടുകളിലെ വിഭാഗങ്ങള്‍. പ്ലേലിസ്റ്റുണ്ടാക്കാനും, പാട്ട് അപ്‌ലോഡ് ചെയ്യാനും. ഫേവറൈറ്റ്‌സ് സെറ്റ് ചെയ്യാനും ഇതില്‍ സാധിക്കും. ഓണ്‍ലൈന്‍ റേഡിയോയും ഇതിലുണ്ട്.
മലയാളം മാത്രം വേണ്ടവര്‍ക്ക്
ജോണ്‍സണ്‍ മാഷിന്റേയും രവീന്ദ്രന്‍ മാഷിന്റേയുമെല്ലാം സംഗീതത്തെ മറക്കാന്‍ കഴിയാത്തവര്‍ക്ക്, 80കളിലേയും 90കളിലേയും മലയാള ഗാനങ്ങളെ ഉള്ളിലിട്ട് മൂളുന്നവര്‍ക്ക് ദേവരാഗം എന്ന സംഗീത സൈറ്റിനെക്കുറിച്ച് അറിയാതിരിക്കില്ല. മുമ്പ് പറഞ്ഞ എല്ലാ സൈറ്റുകളും ബഹുഭാഷാ സംഗീത പോര്‍ട്ടലെന്ന പേരില്‍ ശ്രദ്ധ നേടുമ്പോള്‍ മലയാളത്തിലെ മാത്രം ഏറ്റവും പഴയതും മായാമോഹിനി ഉള്‍പ്പടെ ഏറ്റവും പുതിയതുമായ ഓഡിയോ ഗാനങ്ങളാണ് ദേവരാഗം വെബ്‌സൈറ്റില്‍ ലഭിക്കുക. എല്ലാ മതങ്ങളുടേയും ഭക്തിഗാനങ്ങള്‍, പഴയകാല ഗാനങ്ങള്‍, ദുഖഗാനങ്ങള്‍ എന്നിവങ്ങനെ വ്യത്യസ്ത ഗാനവിഭാഗങ്ങളാണ് ദേവരാഗത്തില്‍ ഉള്ളത്. സിനിമകളുടെ അക്ഷരമാല ക്രമത്തിലും രചയിതാക്കള്‍, ഗായകര്‍, സംഗീത സംവിധായകര്‍ എന്നിവരുടെ പേരുകളുടെ അക്ഷരമാല ക്രമത്തിലും പാട്ടുകള്‍ തെരഞ്ഞെടുത്ത് ആസ്വദിക്കാനാകും.
പാട്ടുകള്‍ കേള്‍ക്കാനുള്ള കുറച്ചു സൈറ്റുകളുടെ പേരുകള്‍ ഇവിടെയായി. ഇനി സംഗീതത്തോടൊപ്പം അതിലെ ഓരോ വാക്കുകളും പഠിച്ച് മൂളാന്‍ ആഗ്രഹിക്കുന്നവരും ഉണ്ടാകില്ലേ? മലയാള ഗാനരചനകള്‍ ഇംഗ്ലീഷിലും മലയാളത്തിലും ലഭിക്കുന്ന വെബ്‌സൈറ്റാണ് മലയാളംസോംഗ്‌സ്‌ലിറിക്‌സ് ഡോട്ട് കോം. സംഗീത സംവിധായകന്‍, രചയിതാവ്, ഗായകന്‍, പാട്ടിന്റെ പേര്, സിനിമ, രാഗം എന്നിവയെ ആധാരമാക്കി ഗാനരചനകള്‍ സെര്‍ച്ച് ചെയ്ത് കണ്ടെത്താന്‍ ഇതില്‍ കഴിയും. മലയാളം ഫോണ്ട് പിന്തുണക്കാത്ത സിസ്റ്റങ്ങളില്‍ ഇത് മംഗ്ലീഷില്‍ വായിക്കാം.

ശല്യക്കാരായ കോളുകളും മെസ്സേജുകളും ബ്ലോക്ക് ചെയ്യാം, എളുപ്പത്തില്‍.


മൊബൈല്‍ നമ്മുടെ ജീവിതത്തിലെ അവശ്യ ഘടകമാണ്.  ഈയൊരു ചെറിയ ഉപകരണം കൊണ്ട് ഇന്ന് നമുക്കുള്ള പ്രയോജനങ്ങള്‍ ചെറുതല്ല.  എന്നാല്‍ പലപ്പോഴും മൊബൈല്‍ ഫോണുകള്‍ നമ്മുടെ ജീവിതത്തിലുണ്ടാക്കുന്ന പ്രശ്‌നങ്ങളും ചില്ലറയല്ല.
അപരിചിതമായ നമ്പറുകളില്‍ നിന്നും മെസ്സേജുകളും കോളുകളും പലരുടെയും ജീവിതത്തില്‍ നിരന്തര ശല്യമായിക്കൊണ്ടിരിക്കുന്നു.  പലപ്പോഴും ഇങ്ങനെ വരുന്ന മെസ്സേജുകളും കോളുകളും വിവിധ കമ്പനികളുടെ ഉല്‍പന്നങ്ങളെ കുറിച്ചുള്ള പരസ്യം ആയിരിക്കും.  തിരക്കിട്ട് എന്തെങ്കിലും ചെയ്യുന്നതിനിടയില്‍ ഇത്തരം മെസ്സേജുകളും കോലുകളും എത്രത്തോളം അരോചകമായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ.
ഇത്തരം ശല്യങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടി എന്‍സിപിആര്‍ (നാഷണല്‍ കസ്റ്റമര്‍ പ്രിഫറന്‍സ് രജിസ്റ്റര്‍)ല്‍ രജിസ്റ്റര്‍ ചെയ്താല്‍ പോലും പലപ്പോഴും ഇവ തുടരുന്ന ഒരു പ്രവണത ഇന്നു കണ്ടു വരുന്നുണ്ട്.
അങ്ങനെ വരുമ്പോള്‍ എന്താണ് ഒരു പരിഹാരം?  വളരെ ലളിതമായി ഇവ തടയാന്‍ മാര്‍ഗങ്ങളുണ്ട് എന്ന് അറിയുമ്പോള്‍ ആശ്വാസം തോന്നുന്നില്ലേ?
ആദ്യം http://nccptrai.gov.in?nccpregistry/search.misc എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.  എന്നിട്ട് നിങ്ങളുടെ നമ്പര്‍ എന്‍സിപിആറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഏതു വിഭാഗത്തിലാണ് നിങ്ങളുടെ നമ്പര്‍ വന്നിരിക്കുന്നത് എന്ന് പരിശോധിക്കുക.
ഇനി രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുക.  രണ്ടു കാറ്റഗറികളുണ്ടാവും ഇവിടെ, ഫുള്ളി ബ്ലോക്ക്ഡ് കാറ്റഗറിയും, പാര്‍ഷ്യലി ബ്ലോക്ക്ഡ് കാറ്റഗറിയും.  ഇവയില്‍ നിങ്ങള്‍ക്കാവശ്യമുള്ള വിഭാഗം തിരഞ്ഞെടുത്ത് വേണം രജിസ്റ്റര്‍ ചെയ്യാന്‍.
‘START’, ‘STOP’ എന്നീ കമാന്റുകള്‍ 1909 എന്ന നമ്പറിലേക്ക് എസ്എംഎസ് ചെയ്തും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
ഐവിആര്‍എസ് ഹെല്‍പ്ലൈന്‍ നമ്പറായ 1909ലേക്ക് വിളിച്ചും അനാവശ്യ മെസ്സേജുകളും കോളുകളും ബ്ലോക്ക് ചെയ്യാവുന്നതാണ്.
അതുപോലെ ഓരോ സെല്ലുലാര്‍ സേവന ദാതാക്കളുടെ വെബ്‌സൈറ്റുകളിലും ഇത്തരം കോളുകളും മെസ്സേജുകളും ബ്ലോക്ക് ചെയ്യാനുള്ള ഒപ്,നുകളുണ്ട് എന്നത് അധികം ആര്‍ക്കും അറിയാത്ത കാര്യമാണ്.
അങ്ങനെ മുകളില്‍ പറഞ്ഞിരിക്കുന്നവയില്‍ നിങ്ങള്‍ക്കേറ്റവും എളുപ്പമെന്ന് തോന്നുന്ന ഒരു മാര്‍ഗം ഉപയോഗിച്ച് അനാവശ് കോളുകളും മെസ്സേജുകളും ഒഴിവാക്കൂ.

സെല്‍ആപിന്റെ ഡാറ്റായൂസേജ്, ടോര്‍ച്ച് ആപ്ലിക്കേഷനുകള്‍


നോക്കിയ സ്‌റ്റോറുകളിലെത്തുന്നവര്‍ക്ക് വെളിച്ചം പകരുകയാണ് ക്യുടോര്‍ച്ച്. തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെല്‍ആപ്
എന്ന കമ്പനി വികസിപ്പിച്ചെടുത്ത ഈ ആപ്ലിക്കേഷന്‍ നോക്കിയ സ്‌റ്റോറിലെ ഏറ്റവും പ്രശസ്തമായ ആപ്ലിക്കേഷനാണിപ്പോള്‍.
190 രാജ്യങ്ങളില്‍ നിന്നായി 17 ലക്ഷം തവണയാണ് ക്യുടോര്‍ച്ച് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളത്. നോക്കിയ സിമ്പിയാന്‍ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍ഡ്‌സെറ്റുകളിലാണ് ക്യുടോര്‍ച്ച് എന്ന ആപ്ലിക്കേഷന്‍ ലഭിക്കുക. വെളിച്ചം വേണ്ടപ്പോള്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഫോണിനെ ഏത് സമയത്തും ടോര്‍ച്ചായി ഉപയോഗിക്കാന്‍ സാധിക്കും.
ക്യുടി അധിഷ്ഠിത ആപ്ലിക്കേഷനാണിത്. ആപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയറുകളുടെ രൂപീകരണത്തിന് ഉപയോഗിക്കുന്ന ക്രോസ് പ്ലാറ്റ്‌ഫോം ആപ്ലിക്കേഷന്‍ ഫ്രെയിം
വര്‍ക്കാണ് ക്യുടി. ക്യുടി ആപ്ലിക്കേഷനുകളില്‍ ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസും ഉള്‍പ്പെടുത്താറുണ്ട്.
ക്യുടി ഉപയോഗിക്കുമ്പോള്‍ യൂസര്‍ ഇന്റര്‍ഫേസ് വികസിപ്പിച്ചെടുക്കാന്‍ വളരെ എളുപ്പമാണെന്ന് മനസ്സിലാക്കാന്‍ സാധിച്ചതായി സെല്‍ആപ് സിഇഒ ജി പത്മകുമാര്‍ പറഞ്ഞു. വികസിപ്പിച്ചെടുക്കാനുള്ള സമയവും പകുതിയോളം ലാഭിക്കാം. ക്യുടിയില്‍ ഡ്രാഗ്, ഡ്രോപ് യൂസര്‍ ഇന്റര്‍ഫേസ് എഡിറ്റര്‍ ഉണ്ട്. ഇതില്‍ പെട്ടെന്ന് തന്നെ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുക്കാന്‍ സഹായകമായ ധാരാളം ടൂളുകളും ഉള്‍പ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ആവശ്യത്തിനനുസരിച്ച് സ്‌ക്രീന്‍ ബ്രൈറ്റ്‌നസ് വര്‍ധിപ്പിക്കാന്‍ പ്രത്യേകം തയ്യാറാക്കിയ അല്‍ഗോരിതത്തിന്റെ സഹായത്തോടെയാണ് ക്യുടോര്‍ച്ച് ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നത്. നോക്കിയ എന്‍8ല്‍ ഏറ്റവും അധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്ലിക്കേഷന്‍ എന്ന പേരും ക്യുടോര്‍ച്ചിന് സ്വന്തമാണിപ്പോള്‍.
ക്യുടോര്‍ച്ചിന് ലഭിച്ച സ്വീകാര്യത ആവര്‍ത്തിക്കാന്‍ ഡാറ്റാമോണിറ്റര്‍ ഉള്‍പ്പടെ മറ്റ് ചില ആപ്ലിക്കഷനുകളെ കൂടി കമ്പനി അവതരിപ്പിച്ചുകഴിഞ്ഞു. നെറ്റ്‌വര്‍ക്ക് കണക്ഷന്‍ വഴിയുള്ള ട്രാഫിക്ക് അളക്കാനും തത്സമയ ഡാറ്റായൂസേജ് (ഇന്റര്‍നെറ്റ് ഡാറ്റാ ഉപഭോഗം) മനസ്സിലാക്കാനും ഈ ആപ്ലിക്കേഷന്‍ സഹായിക്കും.
ഡാറ്റായൂസേജ് ഉയര്‍ന്നിട്ടുണ്ടെന്ന് കാണിച്ചാണ് മിക്ക സേവനദാതാക്കളും ഉപഭോക്താക്കളില്‍ നിന്ന് കൂടുതല്‍ പണം ഈടാക്കുന്നത്. ഡാറ്റാമോണിറ്റര്‍ ആപ്ലിക്കേഷനിലൂടെ ഉപയോക്താക്കള്‍ക്ക് അവരുടെ ഡാറ്റാ ഉപയോഗം എത്രയാണെന്ന് ഹോംസ്‌ക്രീനിലൂടെ തത്സമയം അറിയാനും ഡാറ്റാ ഉപയോഗ പരിധി എത്തും മുമ്പ് ഒരു അലാറത്തിലൂടെ ഉപഭോക്താവിനെ അറിയിക്കുകയും ചെയ്യുന്നു.
മൊബൈല്‍ ബില്ലുകള്‍ കുറക്കാന്‍ ആയിരക്കണക്കിന് ഉപയോക്താക്കള്‍ക്ക് ഈ ആപ്ലിക്കേഷന്‍ ഉപകാരപ്പെട്ടതായി കമ്പനി അവകാശപ്പെടുന്നു.
ഈ ആപ്ലിക്കേഷന്റെ സൗജന്യവേര്‍ഷന്‍ ഉപയോഗിച്ച് ജിപിആര്‍എസ് ഡാറ്റാ യൂസേജാണ് നിരീക്ഷിക്കാന്‍ സാധിക്കുക. അതേ സമയം പ്രീമിയം ആപ്ലിക്കേഷനിലൂടെ ഡാറ്റാ യൂസേജ് നിരീക്ഷിക്കുന്നതിനൊപ്പം യൂസേജ് അലാറം വെക്കാനും ജിപിആര്‍എസ്/വൈഫൈ തുടങ്ങി ഏത് നെറ്റ്‌വര്‍ക്കാണോ നിരീക്ഷിക്കണ്ടേത് എന്ന് തെരഞ്ഞെടുക്കാനും സാധിക്കും.

ഡെസ്‌ക്ടോപില്‍ ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ എത്തി



ഫെയ്‌സ്ബുക്കിന്റെ ഇന്‍സ്റ്റന്റ് മെസേജ് ആപ്ലിക്കേഷനായ ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ വിന്‍ഡോസ് 7 പിസികളിലെത്തി. ഈ ആപ്ലിക്കേഷനുപയോഗിച്ച് ഉപയോക്താക്കള്‍ക്ക് സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യാനാകും. ജിടോക്ക്, യാഹൂ മെസഞ്ചര്‍ എന്നിവ പോലെ ഫെയ്‌സ്ബുക്ക്  പേജിലേക്ക് പോകാതെ തന്നെ ഏതെല്ലാം സുഹത്തുക്കള്‍ ഓണ്‍ലൈന്‍ ഉണ്ടെന്ന് കാണാനും അവരുമായി ചാറ്റ് ചെയ്യാനും സാധിക്കും.
ചാറ്റ് ചെയ്യാനാകും എന്നത് മാത്രമല്ല ഫെയ്‌സ്ബുക്ക് മെസഞ്ചറിന്റെ ഉപയോഗം. അതോടൊപ്പം നോട്ടിഫിക്കേഷന്‍, ന്യൂസ് ഫീഡ് ഉള്‍പ്പടെ ഫെയ്‌സ്ബുക്കിലെ വിവിധ സൗകര്യങ്ങള്‍ ഇതിലൂടെയും ആക്‌സസ് ചെയ്യാം. എന്നാല്‍ സ്‌കൈപ് വഴിയുള്ള വീഡിയോ ചാറ്റ്, ഗ്രൂപ്പ് ചാറ്റ് സൗകര്യങ്ങള്‍ ഇതിലുണ്ടാകില്ല.
2011 നവംബര്‍ മുതല്‍  ഈ ആപ്ലിക്കേഷന്‍ പരീക്ഷിച്ചുവരികയായിരുന്നു ഫേസ്ബുക്ക്. അതിനിടെ ഒരു ഇസ്രായേലി ബ്ലോഗ് ഡിസംബറില്‍ ഇതിന്റെ ഡൗണ്‍ലോഡ് ലിങ്ക് പ്രസിദ്ധപ്പെടുകയുണ്ടായി. പക്ഷെ ടെസ്റ്റ് ലിങ്കായിരുന്നതിനാല്‍  കൂടുതല്‍ സവിശേഷതകള്‍ അതിലുണ്ടായിരുന്നില്ല.
ഫെയ്‌സ്ബുക്ക് ഇപ്പോള്‍ ഔദ്യോഗികമായി ഇതിന്റെ ഡൗണ്‍ലോഡ് ലിങ്ക് പുറത്തിറക്കിയിട്ടുണ്ട്. ഡൗണ്‍ലോഡ് ഓപ്ഷന്‍ കണ്ടെത്താനായില്ലെങ്കില്‍ വിഷമിക്കണ്ട, ആഴ്ചകള്‍ക്കുള്ളില്‍ ഈ ഓപ്ഷന്‍ എല്ലാ പ്രൊഫൈലുകളിലും കമ്പനി കൊണ്ടുവരുന്നതാണ്.
ഇപ്പോള്‍ വിന്‍ഡോസ് 7ല്‍ മാത്രമേ ഈ ആപ്ലിക്കേഷന്‍ ആക്‌സസ് ചെയ്യാനാകൂ. വിന്‍ഡോസ് വിസ്റ്റയിലും ഇത് പ്രവര്‍ത്തിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. വിന്‍ഡോസ് എക്‌സ്പി, മാക് തുടങ്ങിയ ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന പിസികള്‍ക്ക് ഇപ്പോള്‍ ആപ്ലിക്കേഷന്‍ ലഭിക്കുകയില്ല.
എല്ലാ പ്ലാറ്റ്‌ഫോമുകളേയും ഈ ആപ്ലിക്കേഷന്‍ പിന്തുണക്കുന്നതിനായുള്ള ശ്രമത്തിലാണ് ഫെയ്‌സ്ബുക്ക്. കഴിഞ്ഞവര്‍ഷം ആന്‍ഡ്രോയിഡ്, ഐഒഎസ് മൊബൈല്‍ പ്ലാറ്റ്‌ഫോമുകളില്‍ ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ അവതരിപ്പിച്ചിരുന്നു.

സ്ത്രീകളെ സഹായിക്കാന്‍ ആപ്ലിക്കേഷന്‍


സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളെക്കുറിച്ച് കേള്‍ക്കാത്ത ദിവസങ്ങളില്ല. ഒറ്റയ്ക്ക് പുറത്തിറങ്ങാനോ യാത്ര ചെയ്യാനോ പറ്റാത്ത അവസ്ഥ. പീഡനവും തട്ടിക്കൊണ്ടുപോകലും പേടിച്ച് എന്നും വീടിനുള്ളില്‍ അടച്ചിരിക്കാനും സാധിക്കില്ല. എല്ലാത്തിനും വേണ്ടത് മുന്‍കരുതലാണ്. മുന്‍കരുതലോടെ നീങ്ങിയാല്‍ ആരേയും പേടിക്കാതെ എവിടേയും പോകാം.
അന്താരാഷ്ട്ര വനിതാദിനത്തില്‍ സ്ത്രീകള്‍ക്ക് ഇത്തരമൊരു സന്ദേശവും ഒപ്പം ഒരു ആപ്ലിക്കേഷനുമായാണ് കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുഎസ്ടി ഗ്ലോബല്‍ എത്തിയിരിക്കുന്നത്. എന്തെങ്കിലും കാരണം മൂലം മാനസിക സമ്മര്‍ദ്ദമനുഭവിക്കുന്ന സ്ത്രീകള്‍ക്ക്  സഹായം വാഗ്ദാനം ചെയ്യുകയാണ് ഐസേവ് എന്ന ഈ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍.
ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് വേണ്ടപ്പെട്ടവരുമായി ഉടന്‍ ബന്ധപ്പെടാം. ബന്ധുക്കളുടേയോ അല്ലെങ്കില്‍ പൊലീസിന്റെയോ നമ്പറുകള്‍ ഉള്‍പ്പടെ അഞ്ച് സുപരധാന നമ്പറുകള്‍ സ്റ്റോര്‍ ചെയ്ത് വെക്കാനാകും. എന്തെങ്കിലും ആവശ്യം വന്നാല്‍ ഒരൊറ്റ ബട്ടണ്‍ അമര്‍ത്തി ഈ എമര്‍ജന്‍സി കോണ്ടാക്റ്റുകള്‍ക്ക് എസ്എംഎസിലൂടെ വിവരം നല്‍കാം.
ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ജിപിഎസ് ടെക്‌നോളജി ഉപയോഗിച്ച് ഉപയോക്താവിന്റെ ഫോണ്‍ ഓഫായി പോയാലും ലൊക്കേഷന്‍ എതെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഫോണ്‍ ഓഫായിരിക്കുന്ന അവസ്ഥയിലും ഈ എമര്‍ജന്‍സി ബട്ടണ്‍ പ്രവര്‍ത്തിക്കും.

മൊബൈല്‍ ഫോണ്‍ വെള്ളത്തില്‍ വീണാല്‍…


മൊബൈല്‍ ഫോണ്‍ വെള്ളത്തില്‍ വീണാല്‍ എന്തു ചെയ്യും? വെള്ളത്തിലേക്ക് നോക്കി അയ്യോ കഷ്ടം എന്ന് പറയും അല്ലേ? എന്നാല്‍ സയം ഒട്ടു പാഴാക്കാതെ ചില പ്രഥമശുശ്രൂഷകള്‍ നല്‍കി മൊബൈല്‍ ഫോണിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിക്കും. മൊബൈല്‍ ഫോണ്‍ മാന്വലും പരിശോധിക്കണം.
  • വെള്ളത്തില്‍ നിന്നും ഫോണ്‍ പെട്ടെന്ന് തന്നെ പുറത്തേക്കെടുക്കുക. ഷോര്‍ട്ട് സര്‍ക്യൂട്ടിനുള്ള സാധ്യത ഇതിലൂടെ ഒഴിവാകും.
  •  ഫോണില്‍ നിന്ന് സിം കാര്‍ഡ് ഉടനടി എടുത്തു മാറ്റണം. ഫോണില്‍ നിന്ന് ഊരിയെടുക്കാനാകുന്ന എല്ലാ വശങ്ങളും കഴിവതും ഊരിവെക്കുക (അവ തിരിച്ചിടാന്‍ അറിയുകയും വേണം).
  • ഫോണിലെ നനവ് മാറ്റുക. വെള്ളം വലിച്ചെടുക്കാനാവുന്ന തുണിയുപയോഗിച്ച് ഫോണിന്റെ ഓരോ ഭാഗങ്ങളും ഊരിവെക്കുക.
  • ധൃതിയില്‍ ഫോണിലെ ഭാഗങ്ങള്‍ ഊരിവെക്കുന്നതിനിടയില്‍ അവയ്ക്ക് കേടുപാട് വരാതെ സൂക്ഷിക്കണം.
  • എല്ലാ ഭാഗങ്ങളും പിന്നീട് മൃദുവായതും വെള്ളം വലിച്ചെടുക്കാന്‍ കഴിയുന്നതുമായ തുണി ഉപയോഗിച്ച് പതുക്കെ തുടക്കുക. എല്ലാ ഭാഗങ്ങളില്‍ നിന്നും വെള്ളം പൂര്‍ണ്ണമായും തുടച്ചു നീക്കിയെന്ന് ഉറപ്പാക്കണം.
  • ചെറിയ നനവ് വീണ്ടും അനുഭവപ്പെടുകയാണെങ്കില്‍ വാക്വം ക്ലീനര്‍ പോലുള്ള കംപ്രസ്ഡ് എയര്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് വപൂര്‍ണ്ണമായും ഉണക്കണം. (വാക്വം ക്ലീനറില്‍ നിന്ന് അല്പം അകലെ വേണം ഫോണ്‍ വെയ്ക്കാന്‍).
  •  വെള്ള അരി ഒരു കുഴിയുള്ള പാത്രത്തിലോ അല്ലെങ്കില്‍ കവറിലോ നിറച്ച് സെല്‍ഫോണും ബാറ്ററിയും സിം കാര്‍ഡുമെല്ലാം അതില്‍ പൂര്‍ണ്ണമായും മൂടിവെക്കുക.
  • 24 മണിക്കൂറോളം ഇങ്ങനെ തന്നെ നില്‍ക്കട്ടെ അതിന് ശേഷം ഇത് അരിയില്‍ നിന്ന് എടുത്ത് വെച്ച് ഓരോ ഭാഗങ്ങളിലേയും പൊടികള്‍ തട്ടുക. ഇതിനായി കംപ്രസ്ഡ് എയര്‍ ഉപകരണങ്ങള്‍ ഉപയോഗിക്കാം.
  • ബാറ്ററിയിട്ട് ഓണാക്കുന്നതിന് മുമ്പ് എല്ലാ ഭാഗങ്ങളും അതതിന്റെ സ്ഥാനത്ത് തന്നെയാണോ വെച്ചിരിക്കുന്നത് എന്ന് പ്രത്യേകം ശ്രദ്ധിക്കണം.
  • ഇനി അത് ബാറ്ററിയിട്ട് ഓണ്‍ ചെയ്ത് നോക്കുക. ഓണ്‍ ആകുന്നില്ലെങ്കില്‍ ചാര്‍ജ്ജര്‍ വെച്ച് ഓണ്‍ ചെയ്യാവുന്നതാണ്. അപ്പോള്‍ ഓണ്‍ ആയെങ്കില്‍ ബാറ്ററിയ്ക്ക്  കുഴപ്പം പറ്റിയിട്ടുണ്ടെന്ന് സാരം.
  • ചാര്‍ജ്ജ് ചെയ്യുമ്പോഴും ഓണ്‍ ആയില്ലെങ്കില്‍ കഴിയുന്നതും ഒരു സെല്‍ഫോണ്‍ സര്‍വ്വീസ് സെന്ററില്‍ കാണിക്കുക.
Related Posts Plugin for WordPress, Blogger...

3ഡി കണ്ണട ഉണ്ടാക്കാം


പത്ത് രൂപ മുടക്കി 3ഡി കണ്ണട ഉണ്ടാക്കാം


3ഡി എല്ലാവരിലും വിസ്മയമുണര്‍ത്തിയ ടെക്‌നോളജിയാണ്. മൈ ഡിയര്‍ കുട്ടിച്ചാത്തനെ ഓര്‍മ്മയില്ലേ? കുട്ടികള്‍ക്കൊപ്പം ഓരോ വികൃതികള്‍ ചെയ്യുന്ന കുട്ടിച്ചാത്തന്‍ നമ്മുടെ മൂക്കിന്‍ തുമ്പത്തല്ലായിരുന്നോ അന്ന് ഓടിക്കളിച്ചിരുന്നത്. തിയ്യേറ്ററില്‍ പോയി 3ഡി ഗ്ലാസുമിട്ട് കുട്ടിച്ചാത്തനെ കാണുമ്പോള്‍ ഒന്ന്  തൊട്ടുനോക്കാന്‍ പോലും പലരും കയ്യേന്തിയിട്ടുണ്ടാകും. അന്ന് തിയ്യേറ്ററുകളില്‍ കിട്ടിയ ആ 3ഡി കണ്ണട ഓര്‍മ്മയുണ്ടോ? അതുപോലൊന്ന് ഉണ്ടാക്കാനാകുമോ?
ഇന്റര്‍നെറ്റിലും ഇപ്പോള്‍ ധാരാളം 3ഡി വീഡിയോകളും ക്ലിപ്പുകളും ലഭ്യമാണ്. വെറുതെയിരിക്കുമ്പോള്‍ അവ കാണുന്നതിനും ഈ കണ്ണട ഉപകരിക്കും. വെറും 10 രൂപ മുടക്കി 10 മിനുട്ട് ചെലവഴിച്ചാല്‍ മതി 3ഡി കണ്ണട തയ്യാറാക്കാം. അതിനായി ആവശ്യമുള്ള സാധനങ്ങള്‍
  • കാര്‍ഡ്‌ബോര്‍ഡ്
  • ചാര്‍ട്ട് പേപ്പര്‍
  • ചുവപ്പ് സെല്ലോഫെയ്ന്‍ പേപ്പര്‍
  • നീല സെല്ലോഫെയ്ന്‍ പേപ്പര്‍
  • പശ, കത്രിക
  • എന്ത് ഡിസൈനിലാണ് 3ഡി കണ്ണട വേണ്ടതെന്ന് തീരുമാനിച്ച് ആ ഡിസൈന്‍ വരച്ചുവെയ്ക്കുക.
  • ഡിസൈന്‍ കാര്‍ഡ്‌ബോര്‍ഡില്‍ പതിപ്പിക്കുക
  • പിന്നീട് ആ ഡിസൈനിനനുസരിച്ച് കാര്‍ഡ്‌ബോര്‍ഡ് സഹിതം കണ്ണട ചിത്രം മുറിച്ച് വെക്കുക.

  • കണ്ണടയ്ക്ക് ഇരുവശത്തും കാല്‍ വേണമെങ്കില്‍ അവയും ഡിസൈന്‍ ചെയ്ത് കാര്‍ബോര്‍ഡില്‍ പതിപ്പിച്ച് മുറിച്ചെടുക്കണം. പിന്നീട് കണ്ണട ഫ്രെയിമിനോട് ചേരുന്ന ഭാഗത്ത് പശ വെച്ച് അവയെ ഒട്ടിക്കുക.
  • കണ്ണട ചില്ല് വരുന്ന ഭാഗം വൃത്തിയുള്ള ദ്വാരമാക്കി വെയ്ക്കണം. കണ്ണട വെക്കുമ്പോള്‍ മൂക്ക് തട്ടുന്ന ഭാഗവും കൃത്യമായി മുറിച്ചിട്ടുണ്ടാകണം.
  • ചുവപ്പ് സെല്ലോഫെയ്ന്‍, നീല സെല്ലോഫെയ്ന്‍ പേപ്പറുകള്‍ മുറിച്ച് കണ്ണടദ്വാരത്തില്‍ പശ ഉപയോഗിച്ച് പതിപ്പിക്കുക.
  • ഇടതുഭാഗത്ത് ചുവപ്പ് സെല്ലോഫെയ്‌നും വലതുഭാഗത്ത് നീല സെല്ലോഫെയ്‌നുമാണ് വേണ്ടത്.

ഗാലക്‌സി എസ്3 എത്തി


ഊഹാപോഹങ്ങളെല്ലാം അവസാനിപ്പിച്ച് സാംസംഗ് ഗാലക്‌സി എസ്3 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയിലെത്തി. 43,180 രൂപയാണ് വില. ആന്‍ഡ്രോയിഡ് ഐസിഎസ് സ്മാര്‍ട്‌ഫോണിന് പ്രതീക്ഷിച്ച വിലയായിരുന്നില്ല ഇത്. 35,000 രൂപയാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള 43,200 രൂപയേക്കാള്‍ കുറവായിരിക്കും വില്പനക്കെത്തുമ്പോള്‍ ഇതിന്റെ വിലയെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ. ഇതിന് മുമ്പ് ജൂണില്‍ എസ്3 ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്.
എസ്3യുടെ സവിശേഷതകള്‍ പലവട്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എങ്കിലും ചില സുപ്രധാന ഘടകങ്ങള്‍ ഒന്നുകൂടി ആവര്‍ത്തിക്കാം. ക്വാഡ് കോര്‍ 1.4 ജിഗാഹെര്‍ട്‌സ് എക്‌സിനോസ് ചിപ്‌സെറ്റാണ് ഇതിലേത്. മലി 400എംപി ജിപിയു ഗെയിമിംഗിന് ഉപകാരമാണ്. 4.8 ഇഞ്ച് സൂപ്പര്‍ അമോലെഡ് സ്‌ക്രീനിന് 1280×720 പിക്‌സല്‍ റെസലൂഷനാണ് ഉള്ളത്. പ്രധാന ക്യാമറ 8 മെഗാപിക്‌സലും സെക്കന്ററി ക്യാമറ 1.9 മെഗാപിക്‌സലുമാണ്.
1 ജിബി റാം, മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട്, വൈഫൈ, ജിപിഎസ്, ബ്ലൂടൂത്ത് 4.0, എന്‍എഫ്‌സി, മൈക്രോയുഎസ്ബി പോര്‍ട്ട്, 2.5എംഎം ജാക്ക്, 2100mAh ബാറ്ററി എന്നിവയും ഇതിലെ മറ്റ് സൗകര്യങ്ങളാണ്. 16 ജിബി, 32 ജിബി, 64 ജിബി ഇന്റേണല്‍ സ്റ്റോറേജിലാണ് ഈ സ്മാര്‍ട്‌ഫോണ്‍ എത്തുന്നത്. ആപ്പിള്‍ സിരിയ്ക്ക് എതിരാളിയായി എസ് വോയ്‌സ സവിശേഷതയും ഉണ്ട്.

ഇനി റോമിംഗ് ചാര്‍ജ്ജ് ഇല്ല


ഇന്ത്യന്‍ മൊബൈല്‍ വരിക്കാര്‍ക്ക് ഇനി റോമിംഗ് ചാര്‍ജ്ജ് നല്‍കേണ്ടതില്ല. രാജ്യത്തെ ഏത് സംസ്ഥാനത്തു നിന്നുള്ള സിം കാര്‍ഡും മറ്റ് സ്ഥലങ്ങളില്‍ യാത്ര ചെയ്യുമ്പോഴും ഉപയോഗിക്കാം, റോമിംഗ് ചാര്‍ജ്ജ് നല്‍കാതെ. ടെലികോം വിപ്ലവമായി കരുതാവുന്ന പുതിയ ടെലികോം നയം ഇന്നത്തെ കേന്ദ്ര മന്ത്രി സഭയാണ് പാസ്സാക്കിയത്.
നിലവില്‍ ഒരു പ്രത്യേക സംസ്ഥാനത്തിനകത്ത് മാത്രം ഒതുങ്ങി നിന്ന മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ഇനി മറ്റ് സംസ്ഥാനങ്ങളിലും പ്രയോഗിക്കാമെന്നതാണ് പുതിയ ടെലികോം നയത്തിലെ മറ്റൊരു ഗുണം. ഇത് വരെ ഒരൊറ്റ ടെലികോം സര്‍ക്കിളുകളില്‍ നിന്ന് മാത്രമേ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ഗുണം ഉപയോക്താക്കള്‍ക്ക് അനുഭവിക്കാന്‍ സാധിച്ചിരുന്നുള്ളൂ.
ഇതോടെ 93 കോടിയോളം വരുന്ന ഇന്ത്യന്‍ മൊബൈല്‍ ഉപയോക്താക്കളുടെ വലിയൊരു ബുദ്ധിമുട്ടിനാണ് അറുതി വരിക. മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സൗകര്യം ഉപയോഗിച്ച് ഇഷ്ടമുള്ള സേവനദാതാക്കളുടെ കീഴിലേക്ക് നമ്പര്‍ മാറാതെ തന്നെ വരാം. പുതിയ നയം വരുന്നതോടെ മറ്റൊരു സംസ്ഥാനത്തേക്ക് ജോലിക്കായോ മറ്റോ പോകേണ്ടി വരുന്ന വരിക്കാര്‍ക്ക് പഴയ മൊബൈല്‍ നമ്പര്‍ പുതിയ താമസസ്ഥലത്തും ഉപയോഗിക്കാം. റോമിംഗ് ചാര്‍ജ്ജ് നല്‍കേണ്ട. മാത്രമല്ല, വേണമെങ്കില്‍ സേവനദാതാക്കളെ വേറെ തെരഞ്ഞെടുക്കുകയും ആവാം.

ഇന്ത്യ സാമ്പത്തിക മാന്ദ്യ ഭീതിയില്‍


ദില്ലി: 2011-2012 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദ സാമ്പത്തിക വളര്‍ച്ചാനിരക്കില്‍ വന്‍ കുറവ്. സാമ്പത്തിക വിദഗ്ധരെല്ലാം തന്നെ ആറുശതമാനത്തിനു മുകളില്‍ വളര്‍ച്ചാനിരക്ക് പ്രതീക്ഷിച്ചിരുന്നപ്പോഴാണ് രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദന(ജിഡിപി) വളര്‍ച്ചാ നിരക്ക് 5.3 ശതമാനം രേഖപ്പെടുത്തിയത്. 

കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇതേ സമയത്ത് 7.8 ശതമാനമായിരുന്നു നിരക്ക്. പത്തുവര്‍ഷത്തിനിടയില്‍ ആദ്യമായിട്ടാണ് ഏതെങ്കിലും ഒരു പാദത്തില്‍ വളര്‍ച്ചാനിരക്ക് ഇത്രയധികം താഴോട്ടിറങ്ങുന്നത്. മൂന്നു വര്‍ഷത്തെ കണക്കു പരിശോധിക്കുകയാണെങ്കില്‍ ഏറ്റവും വേഗത കുറഞ്ഞ കാലയളവും ഇതാണ്.